തിരുവനന്തപുരം> ഗവര്ണറും സര്ക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടതെന്ന് മന്ത്രി പി രാജീവ്. ചാന്സലര് എന്ന നിലയ്ക്ക് ഗവര്ണര് സ്വീകരിച്ച നടപടി കോടതിയില് പരിശോധിക്കപ്പെടും എന്നായിരുന്നു താന് പറഞ്ഞത്. ഗവര്ണറുടെ നടപടി സര്ക്കാര് പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
കോടതിയില് പോകുമോ എന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനായിരുന്നു തന്റെ മറുപടി. ഗവര്ണറുടെ തെറ്റിദ്ധാരണ മലയാളം മനസിലാകാത്തതിനാലാകുമെന്ന് നിയമമന്ത്രി കൊച്ചിയില് പറഞ്ഞു.അതേസമയം, മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ പ്രധാന വരുമാന മാര്ഗ്ഗമെന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ലഹരിമരുന്നിന്റെ തലസ്ഥാനമായി കേരളം മാറിയെന്നും ഗവര്ണര് ആക്ഷേപിച്ചു. മന്ത്രിമാര് പരിധി ലംഘിക്കരുതെന്നും മന്ത്രിമാരെ നിയമിച്ചത് താനാണെന്നും ഗവര്ണര് പറഞ്ഞിരുന്നു.
കൊച്ചിയിലെ പുസ്തക പ്രകാശന വേദിയിലായിരുന്നു മന്ത്രിമാര്ക്കുനേരെ ഗവര്ണര് തന്റെ ഭീഷണി ആവര്ത്തിച്ചത്. തന്റെ നടപടികള് വിലയിരുത്താന് നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ഗവര്ണര് ചോദിച്ചു. പഞ്ചാബിനെപ്പോലെ കേരളം ലഹരിമരുന്നിന്റെ തലസ്ഥാനമായി മാറിയെന്നും ഗവര്ണര് ആക്ഷേപിച്ചു. ചടങ്ങിനു ശേഷം മാധ്യമങ്ങളോട് കൂടുതല് പ്രതികരിക്കാന് ഗവര്ണര് തയ്യാറായില്ല.കേരളത്തില് ഭൂരിപക്ഷവും കേഡര് മാധ്യമങ്ങളാണെന്നു പറഞ്ഞ് വേദി വിടുകയായിരുന്നു ഗവര്ണര്.