ചെങ്ങന്നൂർ> ബന്ധുവായ വൃദ്ധയെ മാനസികപ്രശ്നങ്ങളുള്ള യുവാവ് വെട്ടിക്കൊന്നു. ചാരുംമൂട് കോയിക്കപ്പറമ്പിൽ അന്നമ്മ വർഗീസ് (80) ആണ് കൊല്ലപ്പെട്ടത്. എം സി റോഡിൽ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ജങ്ഷനു സമീപമുള്ള വാടകവീട്ടിൽ ശനി പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. അന്നമ്മയുടെ സഹോദരീപുത്രിയുടെ മകൻ മുളക്കുഴ വിളപറമ്പിൽ റിഞ്ചു സാമി(28) നെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു. റിഞ്ചുവിന്റെ കുടുംബത്തിനൊപ്പമാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ അന്നമ്മ താമസിച്ചിരുന്നത്. മാനസികപ്രശ്നങ്ങളുള്ള റിഞ്ചു അക്രമാസക്തനായി അന്നമ്മയെ വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. റിഞ്ചുവിന്റെ മാതാപിതാക്കൾ വെട്ടേൽക്കാതെ വീട്ടിൽനിന്ന് ഓടിരക്ഷപ്പെട്ടു.
രണ്ടുദിവസമായി ഉറക്കമില്ലാതിരുന്ന റിഞ്ചുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശനി പുലർച്ചെ വിളിച്ചുണർത്തിയതിനെ തുടർന്നാണ് അക്രമാസക്തനായത്. ബഹളം വർധിച്ചതിനെ തുടർന്ന് മുറിയിലുണ്ടായിരുന്ന കസേരകൊണ്ട് മാതാപിതാക്കളെ അടിച്ചു. ഇരുവരും വീടിനുപുറത്തേക്ക് ഓടിയതിനെതുടർന്ന് റിഞ്ചു കതകുപൂട്ടി. പിന്നീട് കസേര കൊണ്ട് അന്നമ്മയെ മർദ്ദിച്ചു. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് അന്നമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈകാലുകൾ ശരീരത്തിൽ നിന്നും അടർന്ന നിലയിലായിരുന്നു. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിൽ പൊലീസുകാരെ വീടിനുള്ളിൽ പ്രവേശിപ്പിക്കാൻ റിഞ്ചു തയ്യാറായില്ല.
സിഐ ജോസ് മാത്യു, വനിത എസ്ഐ അനിലാകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞ റിഞ്ചുവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്. കൊലപാതകത്തിനുപയോഗിച്ച വെട്ടുകത്തി കണ്ടെത്തി. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ചു. അന്നമ്മയുടെ ഏകമകൾ ഓമന ദുബായിൽ ജോലിനോക്കുന്നു.