കൊച്ചി
ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് തകർച്ചയിലേക്ക്. യുഎസ് ഡോളറിനെതിരെ ആദ്യമായി 83 കടന്നു. ബുധനാഴ്ച ഇന്റർ ബാങ്ക് ഫോറെക്സ് വിപണിയിൽ ഡോളറിനെതിരെ 82.33ൽ വ്യാപാരം ആരംഭിച്ച രൂപ, പിന്നീട് 83.01 എന്ന സർവകാല റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്നു. മുൻദിവസത്തെ അവസാന നിരക്കായ 82.36ൽനിന്ന് 65 പൈസയാണ് രൂപയ്ക്ക് നഷ്ടമായത്. ദിനവ്യാപാര വേളയിൽ കനത്ത ചാഞ്ചാട്ടം നേരിട്ട രൂപ, ഒടുവിൽ 66 പൈസ നഷ്ടത്തിൽ 83.02ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളറിനെതിരെ ഈ വർഷം ഇതുവരെ 11 ശതമാനത്തിലധികമാണ് മൂല്യം ഇടിഞ്ഞത്.