ന്യൂഡൽഹി
സിപിഐ എം വലിയ മുന്നേറ്റം നടത്തിയ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി–- ഷിൻഡെ വിഭാഗം ശിവസേന സഖ്യത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന 1165 പഞ്ചായത്തിൽ രണ്ട് പാർടികൾക്കുമായി 352 പഞ്ചായത്തിലാണ് ഭൂരിപക്ഷം നേടാനായത്. സിപിഐ എം നൂറിലേറെ പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് ഭരണത്തിലെത്തിയപ്പോൾ എൻസിപിയും ഉദ്ധവ് വിഭാഗം ശിവസേനയും കോൺഗ്രസും ഉൾപ്പെടുന്ന മഹാസഖ്യം കക്ഷികൾക്കെല്ലാമായി 457 പഞ്ചായത്ത് ലഭിച്ചു. നൂറിലേറെ പഞ്ചായത്തിൽ ആർക്കും ഭൂരിപക്ഷമില്ല. ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചശേഷമുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പിന്നോക്കംപോകൽ ബിജെപിക്ക് തിരിച്ചടിയായി.
കക്ഷി തിരിച്ചുള്ള നില ഇങ്ങനെ: ബിജെപി–- 239, ഷിൻഡെ വിഭാഗം ശിവസേന–- 113, എൻസിപി–- 155, ഉദ്ധവ് വിഭാഗം ശിവസേന–- 153, കോൺഗ്രസ്–- 149. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്–- 115.