ഖത്തർ ഫുട്ബോൾ ലോകകപ്പിന് ഒരുമാസം ബാക്കിയിരിക്കെ കളിക്കാരുടെ പരിക്ക് ടീമുകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ടീം പ്രഖ്യാപനം ഉടൻ വേണം. അതിനിടെ ആരൊക്കെ പരിക്കിൽനിന്ന് മോചിതരാകുമെന്നതാണ് ആശങ്ക. ക്ലബ് മത്സരങ്ങൾക്കിടെയാണ് ലോകകപ്പിന് ഒരുങ്ങുന്ന താരങ്ങളെ പരിക്ക് പിടികൂടുന്നത്. പല ടീമുകൾക്കും പ്രധാന കളിക്കാരെ നഷ്ടമായി. നവംബർ 13 വരെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെ യൂറോപ്പിൽ കളികളുണ്ട്. പിന്നെ ലോകകപ്പിനുള്ളത് ഒരാഴ്ച.
ഫ്രാൻസിന് ‘എൻജിൻ പണി’
ചാമ്പ്യൻമാരായ ഫ്രാൻസിനാണ് കനത്ത തിരിച്ചടി. ടീമിന്റെ എൻജിനായി മധ്യനിരയിൽ കളി മെനയുന്ന എൻഗോളോ കാന്റെ ഖത്തറിലേക്ക് ഇല്ല. കാന്റെയുടെയും പോൾ പോഗ്ബയുടെയും മിടുക്കിലാണ് ഫ്രഞ്ച് പട റഷ്യയിൽ കപ്പിലേക്ക് കുതിച്ചത്. വർഷങ്ങളായി മധ്യനിരയിൽ ഒന്നിച്ചുകളിക്കുന്ന പോഗ്ബ–-കാന്റെ കൂട്ടുകെട്ടിന്റെ അഭാവം ഫ്രാൻസിന് ഉണ്ടാക്കുന്ന തളർച്ച ചെറുതല്ല. ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ മധ്യനിരയിൽ പുതിയ കൂട്ടുകെട്ടിനെ കണ്ടെത്തുകയെന്നത് പരിശീലകൻ ദിദിയെർ ദെഷാംപ്സിനെ സംബന്ധിച്ചിടത്തോളം ഭഗീരഥപ്രയത്നമാകും. പേശിവലിവുള്ള കാന്റെ ശാസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം വിശ്രമിക്കണം. ഡിഫൻസീവ് മിഡ്ഫീൽഡർ ബൗബാകർ കമാരയും പുറത്തായി.
സീസണിൽ ഇതുവരെ ഒരു മത്സരവും കളിക്കാത്ത പോഗ്ബ പരിക്കുമാറി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. പ്രതിരോധക്കാരൻ ലൂക്കാസ് ഹെർണാണ്ടസും തിരിച്ചെത്തി.
ഇംഗ്ലണ്ടിനും പന്തിയല്ല
ഇംഗ്ലീഷ് ക്യാമ്പിലെ കാര്യങ്ങൾ ഒട്ടും ആശ്വാസകരമല്ല. പ്രതിരോധത്തിലെ പ്രധാനി റീസെ ജയിംസ്, മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ ഉപയോഗിക്കാവുന്ന കാൽവിൻ ഫിലിപ്സ് എന്നിവർ പുറത്തായി. മറ്റൊരു സൂപ്പർതാരം കൈൽ വാൾക്കർ ചികിത്സയിലാണ്. ഒരുമാസത്തിനുള്ളിൽ ക്ഷമത വീണ്ടെടുക്കാനാകുമോ എന്ന ചോദ്യം ബാക്കി. പ്രതിരോധക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹാരി മഗ്വയറും മാഞ്ചസ്റ്റർ സിറ്റിയുടെ ജോൺ സ്റ്റോൺസും പേശിവലിവേറ്റ് കളത്തിന് പുറത്താണ്.
പോർച്ചുഗലിന് ക്ഷീണം
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം ഗോളടിക്കാൻ ചുമതലയുള്ള ദ്യേഗോ ജോട്ട പുറത്തായത് പോർച്ചുഗലിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. മറ്റൊരു മുന്നേറ്റക്കാരൻ പെഡ്രോ നെറ്റോയെയും പരിക്ക് വീഴ്ത്തി. പ്രതിരോധത്തിലെ കുന്തമുന പെപ്പെ പേശിവലിവുമൂലം പലപ്പോഴും കളത്തിന് പുറത്താണ്.
അർജന്റീനയെ വലച്ചു
അർജന്റീന നിരയിൽ സൂപ്പർതാരം എയ്ഞ്ചൽ ഡി മരിയക്ക് പരിക്കേറ്റത് ആഘാതമായി. ലോകകപ്പിനുമുമ്പ് തിരിച്ചെത്തുമെന്നാണ് സൂചന. പരിക്കുള്ള മുന്നേറ്റക്കാരൻ പൗലോ ഡിബാലയും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.
ബ്രസീലിൽ ആർതർ ഇല്ല
മധ്യനിരക്കാരൻ ആർതർ മെലോയുടെ പരിക്ക് മാത്രമാണ് ബ്രസീലിന് പേടിക്കാനുള്ളത്. ലിവർപൂളിനായി വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന ആർതറിന് മൂന്ന് മാസം നഷ്ടമാകും. ലോകകപ്പിന് ഉണ്ടാകില്ലെന്ന് ഉറപ്പാണ്. മുന്നേറ്റക്കാരൻ റിച്ചാർലിസണിന്റെ പരിക്ക് ഗുരുതരമല്ല.
രണ്ടാഴ്ചത്തെ വിശ്രമം മതി ഇരുപത്തഞ്ചുകാരന്. പ്രീമിയർ ലീഗിൽ എവർട്ടണെതിരായ മത്സരത്തിനിടെയാണ് ടോട്ടനം ഹോട്സ്പറുകാരന് പരിക്കേറ്റത്.
വൈനാൽദമില്ല
നെതർലൻഡ്സിന്റെ ജോർജീനിയോ വൈനാൽദമാണ് പുറത്തായവരിൽ മറ്റൊരു പ്രമുഖൻ. കാൽമുട്ടിന് പൊട്ടലേറ്റ മധ്യനിരക്കാരൻ സീസണിൽ ഇതുവരെ ഒരു കളിമാത്രമാണ് കളിച്ചത്. അഞ്ച് മാസമാണ് വിശ്രമം ആവശ്യം. ജർമൻ വിങ്ങർ ലിറോയ് സാനെയും സംശയത്തിലാണ്. സ്വിറ്റ്സർലൻഡിന്റെ സൂപ്പർ ഗോളി യാൻ സോമെറും പരിക്കിലാണ്. ഉറുഗ്വേയുടെ ബാഴ്സലോണ പ്രതിരോധക്കാരൻ റൊണാൾഡ് അറാഹുവോയും ഖത്തറിന്റെ നഷ്ടമാകും.