തൃക്കാക്കര > കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. മോട്ടോർ വാഹനവകുപ്പ് നിയമപ്രകാരം അഞ്ചുകാരണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഫിറ്റ്നസ് റദ്ദാക്കിയത്. വാഹനം പുതുക്കിപ്പണിത്, കണ്ടെത്തിയ അഞ്ച് നിയമലംഘനങ്ങളും പരിഹരിച്ചശേഷം പെർമിറ്റ് പുനഃസ്ഥാപിച്ചുനൽകുമെന്ന് ആർടിഒ പി എം ഷബീർ അറിയിച്ചു.
വാഹനത്തിന്റെ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റത്തിന്റെ കാലാവധി തീർന്നതായി മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം സുരക്ഷാവിഭാഗം സോഫ്റ്റ്വെയറുമായി ടാഗ് ചെയ്തിരുന്നില്ല. വാഹനത്തിൽ അനധികൃത സ്റ്റിക്കർ വർക്കുകളും പരസ്യങ്ങളും പതിച്ചിരുന്നു. ഡ്രൈവർക്ക് വാഹനത്തിന്റെ പിൻവശം കാണാൻകഴിയാത്തവിധം റിയർവ്യൂ മിറർ പൊട്ടിയ നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുണ്ടായിരുന്നില്ല. ഈ അഞ്ച് കാരണങ്ങളാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്.
കാരണങ്ങൾ കാണിച്ച് തിങ്കളാഴ്ച ആർടി ഓഫീസിൽ എത്താൻ ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഉടമസ്ഥൻ എത്താത്തതിനാലാണ് ഫിറ്റ്നസ് റദ്ദാക്കിയത്. എല്ലാത്തരം ബസുകളിലും കളർ കോഡ് നിർബന്ധമാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. ഓരോ സീസണിലും ബസിൽ ടീമിന്റെ പേരും ലോഗോയും താരങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തി അലങ്കരിക്കാറുണ്ട്. ഇത്തവണയും രൂപമാറ്റം വരുത്തിയശേഷം നിശ്ചിത ഫീസ് അടച്ച് ആർടിഒയ്ക്ക് അപേക്ഷ നൽകി. എന്നാൽ, കോടതി നിർദേശമുണ്ടായതിനാൽ അപേക്ഷ അംഗീകരിക്കേണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് തീരുമാനിക്കുകയായിരുന്നു.