ഹൊബാർട്ട്
സിംബാബ്വേയെ 31 റണ്ണിന് കീഴടക്കി വെസ്റ്റിൻഡീസ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ 12 സാധ്യത നിലനിർത്തി. പേസർമാരുടെ മികവിലാണ് വിൻഡീസിന്റെ ജയം. അൽസാരി ജോസഫ് നാല് ഓവറിൽ 16 റൺ വഴങ്ങി നാല് വിക്കറ്റെടുത്ത് കളിയിലെ താരമായി. ജാസൻ ഹോൾഡർക്ക് മൂന്ന് വിക്കറ്റുണ്ട്.
സ്കോർ: വിൻഡീസ് 7–-155, സിംബാബ്വേ 122 (18.2).
ആദ്യം ബാറ്റ് ചെയ്ത വിൻഡീസിന് മികച്ച സ്കോർ നേടാനായില്ല. ഓപ്പണർ ജോൺസൺ ചാൾസ് 45 റണ്ണുമായി ഉയർന്ന സ്കോറുകാരനായി. റോവ്മാൻ പവൽ 28 റണ്ണെടുത്തു. സിക്കന്ദർ റാസ സിംബാബ്വേക്കായി മൂന്ന് വിക്കറ്റ് നേടി.വിജയത്തിലേക്ക് പന്തടിക്കാൻ ഒരിക്കലും സിംബാബ്വേക്കായില്ല. വിൻഡീസ് ബൗളർമാർ വരിഞ്ഞുമുറുക്കിയതോടെ 122 റണ്ണിൽ അവസാനിച്ചു. ലൂക്ക് ജോങ് വി 29 റണ്ണെടുത്തു.
സ്കോട്ലൻഡിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് അയർലൻഡും സൂപ്പർ 12 സാധ്യത സജീവമാക്കി. 32 പന്തിൽ 72 റണ്ണുമായി കുർടിസ് കാംഫറും 27 പന്തിൽ 39 റൺ നേടി ജോർജ് ഡോക്റെലും വിജയത്തിലേക്ക് നയിച്ചു. പത്താംഓവറിൽ 61 റണ്ണിന് നാല് വിക്കറ്റ് നഷ്ടമായശേഷമാണ് ഈ കൂട്ടുകെട്ടിന്റെ തകർപ്പൻ പ്രകടനം. അഞ്ചാം വിക്കറ്റിൽ 119 റൺ കണ്ടെത്തി.
സ്കോർ: സ്കോട്ലൻഡ് 5–-176, അയർലൻഡ് 4–-180 (19)
സ്കോട്ലൻഡിനായി ഓപ്പണർ മൈക്കൽ ജോൺസ് 86 റൺ നേടി. ബി ഗ്രൂപ്പിൽ നാല് ടീമുകൾക്കും രണ്ട് പോയിന്റ് വീതമുണ്ട്. നാളത്തെ വിജയികൾ സൂപ്പർ 12ലേക്ക് മുന്നേറും. വിൻഡീസ് അയർലൻഡിനെയും സ്കോട്ലൻഡ് സിംബാബ്വേയെയും നേരിടും.
എ ഗ്രൂപ്പിൽനിന്നുള്ള സൂപ്പർ 12 പ്രതിനിധികളെ ഇന്നറിയാം. ശ്രീലങ്ക നെതർലൻഡ്സിനെയും നമീബിയ യുഎഇയെയും നേരിടും. രണ്ട് കളിയും തോറ്റ യുഎഇ പുറത്തായി. രണ്ട് കളി ജയിച്ച നെതർലൻഡ്സ് നാല് പോയിന്റുമായി മൂന്നാമതാണ്. ലങ്കയ്ക്കും നമീബിയക്കും രണ്ട് പോയിന്റുണ്ട്.
ഇന്ത്യയടക്കം 12 ടീമുകൾ അണിനിരക്കുന്ന സൂപ്പർ 12 മത്സരങ്ങൾ 22ന് തുടങ്ങും. എട്ട് ടീമുകൾ മികച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ നേരത്തേ യോഗ്യത നേടിയിരുന്നു.