ന്യൂഡൽഹി > കൊളീജിയം സംവിധാനം സുതാര്യമല്ലെന്നും ജഡ്ജിമാരെ നിയമിക്കൽ സർക്കാരിന്റെ ജോലിയാണെന്നും കേന്ദ്രനിയമമന്ത്രി കിരൺ റിജിജു. നിലവിൽ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിൽ ജനങ്ങൾ അതൃപ്തരാണ്. രാഷ്ട്രീയക്കാർക്കിടയിലും രാഷ്ട്രീയനേതാക്കൾക്കിടയിലും എന്തൊക്കെ നടക്കുന്നെന്ന് ജനങ്ങൾക്ക് അറിയാൻ കഴിയുന്നു. കൊളീജിയം എങ്ങനെ ജഡ്ജിമാരെ നിയമിക്കുന്നുവെന്നതില് അവ്യക്തതയുണ്ട്. ഔദ്യോഗികജീവിതത്തിൽ പകുതിസമയവും ജഡ്ജിമാർ പുതിയ ജഡ്ജിമാരെ നിയമിക്കാൻ ചെലവിടുമ്പോൾ നിയമനിർവഹണമെന്ന പ്രാഥമിക കർത്തവ്യത്തിനുള്ള വിലയേറിയ സമയം അപഹരിക്കപ്പെടുകയാണെന്നും കിരൺ റിജിജു പറഞ്ഞു.
ആർഎസ്എസ് മാസിക പാഞ്ചജന്യം സംഘടിപ്പിച്ച ‘സബർമതിസംവാദത്തിൽ’ പങ്കെടുക്കവേയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്ന കൊളീജിയം സംവിധാനത്തിനെതിരെ നിയമമന്ത്രി ആഞ്ഞടിച്ചത്. ‘ഭരണഘടനയുടെ അന്തഃസത്ത പൂർണമായും ഉൾക്കൊള്ളുകയാണെങ്കിൽ ജഡ്ജി നിയമനം സർക്കാരിന്റെ ജോലിയാണ്. അന്തിമവിധികൾ പുറപ്പെടുവിക്കുന്നതുകൊണ്ട് ജഡ്ജിമാർ വിമർശങ്ങൾക്ക് അതീതരാണെന്ന് അർഥമില്ലെ’ന്നും നിയമമന്ത്രി തുറന്നടിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനും നാല് സീനിയർ ജഡ്ജിമാർ അംഗങ്ങളുമായ കൊളീജിയമാണ് ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാരെ ശുപാർശ ചെയ്യുന്നത്. ജഡ്ജിനിയമനം നാഷണൽ ജുഡീഷ്യൽ അപ്പോയിൻമെന്റ് കമീഷൻ മുഖേനയാക്കിയുള്ള എൻജെഎസി ആക്ട് സുപ്രീംകോടതി ഭരണഘടനാബെഞ്ച് 2015 ഒക്ടോബറിൽ റദ്ദാക്കി. ഇതിനുശേഷം ജഡ്ജിനിയമനത്തിൽ കേന്ദ്രസർക്കാരും സുപ്രീംകോടതിയും കൊമ്പുകോർക്കുന്നത് പതിവായി.