ന്യൂഡൽഹി > ബിൽക്കിസ്ബാനു കൂട്ടബലാത്സംഗക്കേസിൽ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്ക് എതിരായ ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി നവംബർ 29ലേക്ക് മാറ്റി. പ്രതികളെ വിട്ടയച്ച വിവാദനടപടി ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ ബൃഹത്തായ സത്യവാങ്മൂലമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച് പറഞ്ഞു.
‘ഇത്രയും വലിയ സത്യവാങ്മൂലത്തിന്റെ ആവശ്യം എന്തായിരുന്നു. ഒറ്റ സത്യവാങ്മൂലത്തിൽത്തന്നെ കുറേയെറെ കോടതിവിധികൾ ഉദ്ധരിച്ചിരിക്കുന്നു. എന്നാൽ, വസ്തുതകൾ എവിടെയാണ്. ഈ വിഷയത്തിൽ ആവശ്യമായ ശ്രദ്ധ പുലർത്തിയിട്ടുണ്ടോ’–- ജഡ്ജിമാർ ഗുജറാത്ത് സർക്കാരിനോട് ചോദിച്ചു. എല്ലാ കക്ഷികൾക്കും സത്യവാങ്മൂലത്തിന്റെ പകർപ്പുകൾ നൽകാൻ നിർദേശിച്ച സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് നവംബർ 29ലേക്ക് മാറ്റി.
കൊടുംകുറ്റവാളികളെ മോചിപ്പിച്ചത് ന്യായീകരിച്ച് ഗുജറാത്ത് സർക്കാർ കഴിഞ്ഞദിവസമാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയ മികച്ച പെരുമാറ്റരീതിയുള്ള കുറ്റവാളികളെ 1992ലെ ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് വിട്ടയച്ചതെന്നാണ് സർക്കാരിന്റെ അവകാശവാദം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുവാദം വാങ്ങിയാണ് കുറ്റവാളികളെ മോചിപ്പിച്ചത്. 11 പ്രതികളെ വിട്ടയക്കുന്നതിനെ ശിക്ഷ വിധിച്ച വിചാരണക്കോടതിയും സിബിഐയും എതിർത്തിരുന്നു.
ഗുജറാത്ത് വംശഹത്യാവേളയിൽ ബിൽക്കിസ്ബാനുവിന്റെ ബന്ധുക്കളെ കൊലപ്പെടുത്തിയശേഷം അക്രമികൾ അവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. നിഷ്ഠുരമായ കുറ്റകൃത്യത്തിൽ പ്രതികളായവരെ വെറുതെ വിട്ട നടപടി ചോദ്യംചെയ്ത് സിപിഐ എം നേതാവ് സുഭാഷിണിഅലി ഉൾപ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.