ന്യൂഡൽഹി
നീണ്ട 22 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 96 ശതമാനം പോളിങ്. ഏകദേശം 9500 പ്രതിനിധികൾ വോട്ട് രേഖപ്പെടുത്തി. ബുധനാഴ്ച വോട്ടെണ്ണും. 137 വർഷ ചരിത്രത്തിൽ ആറാം വട്ടമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്.
സോണിയ അടക്കമുള്ള നേതാക്കൾ എഐസിസി ആസ്ഥാനത്ത് വോട്ട് ചെയ്തു. രാഹുൽ ഗാന്ധി ബെല്ലാരിയിൽ വോട്ട് രേഖപ്പെടുത്തി. സ്ഥാനാർത്ഥികളായ ശശി തരൂർ തിരുവനന്തപുരത്തും മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിലും വോട്ട് ചെയ്തു. 310 വോട്ടുണ്ടായിരുന്ന കേരളത്തിൽനിന്ന് 287 പേർ വോട്ട് ചെയ്തു. ബലാത്സംഗകേസില്‍ ഒളിവിലുള്ള എല്ദോസ് കുന്നപ്പിള്ളി എംഎല്എ വോട്ട് ചെയ്യാൻ എത്തിയില്ല. തെലങ്കാനയിൽ വോട്ടർപ്പട്ടികയിൽനിന്ന് പേര് നീക്കിയതിൽ രണ്ട് മുതിർന്ന നേതാക്കൾ പിസിസി ആസ്ഥാനത്ത് ഏത്തമിട്ട് പ്രതിഷേധിച്ചു.