തിരുവനന്തപുരം
അധ്യാപികയെ മർദിച്ചപ്പോൾ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ധരിച്ച വസ്ത്രം പൊലീസ് കണ്ടെടുത്തു. പരാതിക്കാരിയുടെ വീട്ടിൽനിന്നാണ് സംഭവ ദിവസം എംഎൽഎ ധരിച്ചിരുന്ന ടീഷർട്ട് കണ്ടെടുത്തത്. പരാതിക്കാരിയുടെ വീട്ടിൽ എത്തിയിരുന്നില്ലെന്നായിരുന്നു എംഎൽഎയുമായി അടുത്ത കേന്ദ്രങ്ങൾ വാദിച്ചിരുന്നത്. എംഎൽഎയുടെ വസ്ത്രങ്ങൾ കണ്ടെടുത്തതോടെ ഈ വാദം പൊളിഞ്ഞു. മർദനമേൽക്കുമ്പോൾ യുവതി ധരിച്ച വസ്ത്രങ്ങളും പൊലീസ് തെളിവിനായി ശേഖരിച്ചു. വീട്ടിൽനിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷക സംഘം എംഎൽഎയുടെ പെരുമ്പാവൂരിലെ വീട്ടിലും കടവന്ത്രയിലെ കേന്ദ്രങ്ങളിലും പരിശോധനയ്ക്കെത്തിയിരുന്നു. വീട് അടഞ്ഞുകിടക്കുകയായിരുന്നു. എൽദോസിന്റെ ഭാര്യ, പിഎ, ഡ്രൈവർ എന്നിവരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ചൊവ്വാഴ്ച പരാതിക്കാരിയുമായി എറണാകുളത്തെത്തി തെളിവുകൾ ശേഖരിക്കും.
എറണാകുളത്തെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ടുപോയും പെരുമ്പാവൂരിലെ വീട്ടിൽവച്ചും എംഎൽഎ പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയിരുന്നു. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഇന്ദിരാഭവനിലും എൽദോസെത്തിയില്ല. എംഎൽഎ ഒളിവിൽ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.
അധ്യാപികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഒമ്പത് ദിവസമായി ഒളിവിൽ തന്നെ. മുൻകൂർ ജാമ്യഹർജി വിധി വ്യാഴാഴ്ചവരെ മാറ്റിയതിനാൽ എംഎൽഎ പുറത്തുവരുമെന്നു കരുതി തിങ്കളാഴ്ച ആവശ്യങ്ങളും അപേക്ഷകളുമായി പെരുമ്പാവൂർ പട്ടാലിലുള്ള ഓഫീസിലെത്തിയ നാട്ടുകാർ അദ്ദേഹത്തെ കാണാനാകാതെ മടങ്ങി. പുല്ലുവഴിയിലുള്ള വീടും അടഞ്ഞുകിടക്കുകയാണ്.
ചികിത്സാസഹായത്തിന് എംഎൽഎ ഒപ്പിടാനുള്ള അപേക്ഷകൾ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവർക്ക് ആധാർ ഉൾപ്പെടെയുള്ള അപേക്ഷകൾക്കുള്ള ജനപ്രതിനിധി സാക്ഷ്യപ്പെടുത്താനുള്ള സത്യവാങ്മൂലം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങളുമായാണ് ജനങ്ങൾ എംഎൽഎയെ കാണാനാകാതെ മടങ്ങുന്നത്. എംഎൽഎ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച പെരുമ്പാവൂർ നഗരത്തിൽ പ്രകടനം നടത്തി. എംഎൽഎയെ കണ്ടെത്താൻ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയ ഡിവൈഎഫ്ഐ മണ്ഡലത്തിലാകെ ശനിയാഴ്ച പ്രതീകാത്മകതിരച്ചിലും നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷനും കഴിഞ്ഞദിവസം പ്രതിഷേധമാർച്ച് നടത്തിയിരുന്നു.
മാധ്യമപ്രവർത്തകന് ഒരുലക്ഷം നൽകിയെന്ന് യുവതി
തനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ ചമയ്ക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഓൺലൈൻ മാധ്യമപ്രവർത്തകന് ഒരു ലക്ഷം രൂപ നൽകിയെന്ന് പീഡനത്തിനിരയായ അധ്യാപിക. ഇതുസംബന്ധിച്ച് കമീഷണർക്ക് പരാതി നൽകാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. രണ്ടുതവണയായി 50,000 രൂപവീതമാണ് എൽദോസ് നൽകിയത്. ഒളിവിലിരിക്കുന്ന സമയത്താണ് പണമിടപാട് നടന്നിരിക്കുന്നതെന്നും ഇതിന്റെ തെളിവുകളുണ്ടെന്നും ഇക്കാര്യങ്ങൾ കോടതിയിൽ മൊഴിയായി നൽകുമെന്നും യുവതി പറഞ്ഞു.
കുന്നപ്പിള്ളിയുടെ സുഹൃത്തിന്റെ അക്കൗണ്ടിൽനിന്നാണ് പണം നൽകിയത്. ഇതിന്റെ ബാങ്ക് രേഖ കൈയിലുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. അതിനിടെ, ക്രൈം നന്ദകുമാറിന്റെ ഓൺലൈൻ ചാനൽ യുവതിയുടെ പേരും ഫോട്ടോയും പുറത്തുവിട്ടു. യുവതിക്ക് പണം നൽകിയാണ് എംഎൽഎയ്ക്കെതിരെ മൊഴി നൽകിക്കുന്നതെന്ന ആക്ഷേപവുമായാണ് ക്രൈം നന്ദകുമാർ യുവതിയുടെ ചിത്രവും പേരും വെളിപ്പെടുത്തിയത്. ഇക്കാര്യവും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഭാരത് ലൈവ്, പ്രസ് മലയാളം, ക്രൈംന്യൂസ് എന്നീ ഓൺലൈൻ ചാനലുകൾക്കെതിരെയാണ് യുവതിയുടെ പരാതി. പേരും ചിത്രവും വെളിപ്പെടുത്തുന്ന വീഡിയോ യുട്യൂബിൽനിന്ന് നീക്കം ചെയ്യിക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.