ചേർത്തല
സർക്കാരിനെതിരെ ചിലർ കാണിക്കുന്ന പിപ്പിടിയെക്കുറിച്ച് ആലോചിച്ച് സമയംകളയാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകലാശാലകളുടെ കാര്യത്തിൽ ചില തർക്കങ്ങൾ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. അതൊന്നും വലിയ കാര്യമായി കാണുന്നില്ല. നാടിന്റെ വികസനമാണ് സർക്കാരിന് വലുത്. തുടർഭരണം ജനങ്ങൾ ഏൽപ്പിച്ച ദൗത്യമാണ്. കേരളത്തെ ഇനിയും മുന്നോട്ടു കൊണ്ടുപോകണമെന്ന പ്രത്യേക സന്ദേശമാണത്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസം നിറവേറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ കയർ വർക്കേഴ്സ് സെന്റർ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനങ്ങൾ പൂർണ മനസ്സോടെ സ്വീകരിച്ചു. തുടർഭരണം ഇല്ലാതാക്കാൻ വലതുപക്ഷം എന്തെല്ലാം ചെയ്യാൻപറ്റുമോ അതൊക്കെ എല്ലാ അതിരുവിട്ടും ചെയ്തു. ജനങ്ങൾ നേരത്തെയുള്ളതിനേക്കാൾ കൂടുതൽ സീറ്റ് നൽകി. സർക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ട്. എന്നാൽ ചുരുക്കം ചില വ്യക്തികളും നേതൃത്വങ്ങളും ഒന്നും നടക്കരുത് എന്ന് ചിന്തിക്കുന്നു. അങ്ങേയറ്റം സങ്കുചിത മനസ്സിന്റെ ഉടമകളാണവർ. വികസനം നടക്കരുത് എന്ന അവരുടെ നിലപാട് നാടിനെതിരായുള്ളതാണ്.
കൃത്യമായ ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വികസിത നാടുകളുടെ ജീവിത നിലവാരം നേടാനുള്ള ശ്രമമാണ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറും. മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. കാലത്തിനൊത്ത് കയർ വ്യവസായത്തെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.