വിജയവാഡ
പുതിയകാല വെല്ലുവിളി നേരിടാൻ പാർടിയെ ശക്തമാക്കുന്നതിനൊപ്പം കരുത്തുറ്റ ഇടതുപക്ഷ ഐക്യവും സാധ്യമാക്കണമെന്ന് സിപിഐ പാർടി കോൺഗ്രസ്. വിജയവാഡയിൽ കരട് രാഷ്ട്രീയപ്രമേയത്തിന്മേലും പാർടി രേഖകളിന്മേലും നടന്ന ചർച്ചയിൽ ഇടത്– മതനിരപേക്ഷ ജനാധിപത്യ ശക്തികൾ കരുത്താർജിക്കേണ്ടതിന്റെ അനിവാര്യത പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പുതിയ ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ, സെക്രട്ടറിയറ്റ് തെരഞ്ഞെടുപ്പോടെ നാലുദിവസം നീണ്ടുനിന്ന കോൺഗ്രസിന് ചൊവ്വാഴ്ച കൊടിയിറങ്ങും.
എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്ത് തയ്യാറാക്കിയ നാലു കമീഷൻ റിപ്പോർട്ട് സമ്മേളനത്തിൽ സമർപ്പിച്ചു. രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയ്ക്ക് ഡി രാജ, അമര്ജിത് കൗര്, സാംബശിവ റാവു, രാം നരേഷ് പാണ്ഡെ എന്നിവരും സംഘടനാ റിപ്പോര്ട്ടിന്റെ ചര്ച്ചയ്ക്ക് അതുല് കുമാര് അഞ്ജാന്, നാഗേന്ദ്രനാഥ് ഓഝ, സ്വപന് ബാനര്ജി, സത്യന് മൊകേരി, ഇ ചന്ദ്രശേഖരന് എന്നിവരും നേതൃത്വം നൽകി. രാഷ്ട്രീയ അവലോകന റിപ്പോര്ട്ടിന്റെ ചര്ച്ചയ്ക്ക് ഡോ. ബാല് ചന്ദ്ര കാംഗോ, ആനി രാജ, ബന്ത് സിങ് ബ്രാര് എന്നിവർ നേതൃത്വം നൽകി. പാര്ടി പരിപാടി, ഭരണഘടനാ കമീഷന് ചര്ച്ചകള് പല്ലബ് സെന് ഗുപ്ത, കാനം രാജേന്ദ്രന്, അഡ്വ. കെ പ്രകാശ് ബാബു, അനില് രജിംവാലെ, അപരാജിത രാജ, സി മഹേന്ദ്രന്, സമര് ഭണ്ഡാരി എന്നിവര് നയിച്ചു. സ്ത്രീ–- യുവജന പങ്കാളിത്തം, പ്രായപരിധി എന്നിവയിൽ ഭരണഘടനാ ഭേദഗതി നിർദേശങ്ങളും സമർപ്പിച്ചിട്ടുണ്ട്.
14 ലക്ഷം ഒഴിവ്
നികത്തണം
കേന്ദ്ര –-സംസ്ഥാന സർക്കാരുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള 14 ലക്ഷം ഒഴിവ് ഉടൻ നികത്തണമെന്ന് സിപിഐ പാർടി കോൺഗ്രസ് പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൊതുമേഖലയെ തകർത്തുള്ള സ്വകാര്യവൽക്കരണവും കരാർവൽക്കരണവും അവസാനിപ്പിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിൽ നാലുലക്ഷം ഒഴിവുണ്ടെന്നും സി ശ്രീകുമാർ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. ആരോഗ്യപരിപാലനം മൗലികാവകാശമാക്കുക, ആരോഗ്യമേഖലയ്ക്കുള്ള വിഹിതം ജിഡിപിയുടെ ആറു ശതമാനമാക്കുക, പഴയപെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ലക്ഷദ്വീപ് ഭരണകൂടം തടവിലിട്ടിരിക്കുന്ന നേതാക്കളെ വിട്ടയക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
10 ലക്ഷം അംഗമെന്ന ലക്ഷ്യം കൈവരിക്കും
പത്ത് ലക്ഷം അംഗങ്ങളെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പ്രമേയം. പാർടി രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ അംഗങ്ങളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാക്കണമെന്ന് ജനറൽ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.















