കൊച്ചി
ക്രിമിനൽ ഗൂഢാലോചന നടത്തി വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ അഞ്ചുപേരെ മൂന്നുദിവസത്തേക്കുകൂടി എൻഐഎ കസ്റ്റഡിയിൽ വിട്ടു. രണ്ടാംപ്രതി കരമന അഷ്റഫ് മൗലവി, മൂന്നാംപ്രതി അബ്ദുൾ സത്താർ, 11–-ാംപ്രതി യഹിയ കോയ തങ്ങൾ, 13–-ാംപ്രതി കെ മുഹമ്മദ് അലി, 14–-ാംപ്രതി സി ടി സുലൈമാൻ എന്നിവരെയാണ് കൊച്ചി പ്രത്യേക എൻഐഎ കോടതി കസ്റ്റഡിയിൽ വിട്ടത്.
പ്രതികളുടെ സമൂഹമാധ്യമ അക്കൗണ്ട് അടക്കമുള്ളവയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യംചെയ്യൽ ആവശ്യമുണ്ടെന്ന എൻഐഎ ആവശ്യം കോടതി അംഗീകരിച്ചു. ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷകസംഘം അഞ്ചുദിവസമാണ് ആവശ്യപ്പെട്ടത്.
തീവ്രവാദപ്രവർത്തനത്തിന് തുക സ്വരൂപിക്കുക, നിരോധിത സംഘടനകളിൽ ചേരാൻ ആളുകളെ പ്രേരിപ്പിക്കുക, ആയുധപരിശീലനം നൽകുക എന്നീ വകുപ്പുകൾകൂടാതെ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്, മറ്റു മതങ്ങളിലെ സംഘടനയിലുള്ളവരെ കൊലപ്പെടുത്തൽ, പ്രമുഖ വ്യക്തികളെയും സ്ഥലങ്ങളെയും ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കൾ ശേഖരിക്കൽ, ഐഎസിന് പിന്തുണ നൽകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളും എൻഐഎ പ്രതികൾക്കെതിരെ ചുമത്തി. തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനെത്തിയ എൻഐഎ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങളെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതി താക്കീത് ചെയ്തു. പിഎഫ്ഐ നേതാക്കളുടെ ബന്ധുക്കളാണ് കോടതിവളപ്പിൽ ദൃശ്യങ്ങളെടുത്തത്. ദുരൂഹസാഹചര്യത്തിൽ ദൃശ്യം പകർത്തിയെന്ന് എൻഐഎ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഇത് ഗൗരവമേറിയ വിഷയമാണെന്നും ഇനി കോടതിവളപ്പിൽ ഇക്കാര്യം ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.















