ചേർത്തല
ഉജ്വല പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും കേരള കയർ വർക്കേഴ്സ് സെന്റർ(സിഐടിയു) 14–-ാം സംസ്ഥാന സമ്മേളനം ചേർത്തലയിൽ തുടങ്ങി. കോടതിക്കവലയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
കയർപിരിച്ചും ഫാക്ടറികളിൽ ഈടുറ്റ ഉൽപ്പന്നങ്ങൾ നെയ്തെടുത്തും നാടിന്റെ സാമ്പത്തികാടിത്തറ കരുപ്പിടിപ്പിച്ച പഴയകാലം വീണ്ടെടുക്കാനുള്ള പോരാട്ട പ്രഖ്യാപനംകൂടിയായി തൊഴിലാളിറാലി. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ചേർത്തല നഗരംകണ്ട വലിയ തൊഴിലാളിമുന്നേറ്റം വീഥികളെ ചുവപ്പിൽ ആറാടിച്ചു.
ദേവിക്ഷേത്ര മൈതാനിയിൽ പ്രകടനം സമാപിച്ചു. കെ വി തങ്കപ്പൻ നഗറിലെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സെന്റർ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. മന്ത്രി പി രാജീവ്, സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതവും എൻ ആർ ബാബുരാജ് നന്ദിയും പറഞ്ഞു.
എ എം ആരിഫ് എംപി, സെന്റർ ജനറൽ സെക്രട്ടറി കെ കെ ഗണേശൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ പ്രസാദ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ, നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, പി ഗാനകുമാർ, എൻ സായികുമാർ, കെ രാജപ്പൻനായർ, എസ് രാധാകൃഷ്ണൻ, പി കെ സാബു, എം എച്ച് റഷീദ്, ടി ആർ ബോസ്, സുഭാഷ്, സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
ചൊവ്വ രാവിലെ 10ന് വിടിഎഎം ഹാളിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും. വൈകിട്ട് 5.30ന് കയർവ്യവസായം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് അവതരിപ്പിക്കും. ബുധൻ വൈകിട്ട് സമ്മേളനം സമാപിക്കും.















