മനാമ> ഖത്തറില് ഫിഫ ലോകകപ്പില് പങ്കെടുക്കുന്ന ഹയ്യ കാര്ഡ് ഉടമകള്ക്ക് സൗദി സന്ദര്ശിക്കാന് സൗജന്യ വിസ അനുവദിക്കും. ഹയ്യാ കാര്ഡുള്ള വിശ്വാസികള്ക്ക് ഉംറ നിര്വഹിക്കാനും മദീന സന്ദര്ശനത്തിനും സാധിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ വിസ ഡിപ്പാര്ട്ട്മെന്റ് അറിയിച്ചു. വിസ സൗജന്യമാണെങ്കിലും ഇവര് വിസ പ്ലാറ്റ്ഫോമില് നിന്ന് നിര്ബന്ധിത മെഡിക്കല് ഇന്ഷുറന്സ് പോളിസി എടുക്കണം.
നവംബര് 20 മുതല് ഡിസംബര് 18 വരെയാണ് ലോകകപ്പ് ടൂര്ണമെന്റ്. ലോകകപ്പിന് എത്തുന്ന ഫുട്ബോള് ആരാധകര്ക്ക് ഖത്തറിലേക്കുള്ള പ്രവേശന പെര്മിറ്റാണ് ഹയ്യ കാര്ഡ്. സ്്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന് ടിക്കറ്റിനൊപ്പം ഹയ്യാ കാര്ഡും വേണം. ഡിജിറ്റലായാണ് ഇത് നല്കുന്നത്. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും കാര്ഡ് ഉടമകള്ക്ക് സൗജന്യമായി ലഭിക്കും. ഖത്തറിലേക്ക് വരുന്ന ഫുട്ബോള് ആരാധകര് ഹയ്യാ കാര്ഡ് നേടിയിരിക്കണം.ഹയ്യാ കാര്ഡ് കൈവശമുള്ളവര്ക്ക് നവംബര് 11 മുതല് ഡിസംബര് 18 വരെ സൗജന്യ വിസകളില് സൗദിയില് പ്രവേശിക്കാം.
ഇവര്ക്ക് സൗദിയില് രണ്ടു മാസം വരെ തങ്ങാം. വിസ കാലാവധി ജനുവരി 11ന് അവസാനിക്കും. വിസ ലഭിച്ചവര് സൗദിയില് പ്രവേശിക്കുന്നതിന് മുന്പ് ഖത്തറില് പ്രവേശിക്കണമെന്ന് വ്യവസ്ഥയില്ല. ഈ വിസയില് യഥേഷ്ടം പോയിവരാനാകും. ഓണ്ലൈനായി അനുവദിക്കുന്ന ഇലക്ട്രോണിക് വിസയുടെ ചെലവുകള് രാജ്യം വഹിക്കും. പതിനായിരത്തിലേറെ ഹയ്യ കാര്ഡ് ഉടമകള് സൗദി സന്ദര്ശക വിസ ലഭിക്കുന്നതിന് അപേക്ഷിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹയ്യ കാര്ഡ് ഉടമകള്ക്കായി ആഗസ്ത് 31 ന് യുഎഇ മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചിരുന്നു. 90 ദിവസം കാലാവധിയുള്ള വിസയില് ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാന് കഴിയും.