തിരുവനന്തപുരം
ബലാത്സംഗത്തിന് ഇരയാക്കിയ എൽദോസ് കുന്നപ്പിള്ളി എംഎൽഎ അപായപ്പെടുത്താൻ ശ്രമിച്ചെന്നും യുവതിയുടെ മൊഴി. കോവളത്തെ ആത്മഹത്യാമുനമ്പിലെത്തിച്ചത് ഇതിനായാണെന്നും മജിസ്ട്രേട്ടിനും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയ മൊഴിയിലുണ്ട്. സെപ്തംബർ 14നാണ് എംഎൽഎ കോവളത്തേക്ക് തട്ടിക്കൊണ്ടുപോയി മർദിച്ചത്. തുടർന്ന് താഴേക്ക് തള്ളിയിടുകയാണ് ലക്ഷ്യമെന്ന് മനസ്സിലായതോടെ ഓടി രക്ഷപ്പെട്ടു. ഒരു വീടിനു പിന്നിലാണ് ഒളിച്ചത്. എംഎൽഎയും സുഹൃത്തും ചേർന്ന് അനുനയിപ്പിച്ച് വീണ്ടും റോഡിലേക്ക് കൊണ്ടുവന്നു. വീണ്ടും മർദിച്ചപ്പോൾ ബഹളംവച്ചതോടെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ ഭാര്യയാണെന്നു പറഞ്ഞ് കാറിൽ കയറ്റിക്കൊണ്ടുപോയി. ഈ സ്ഥലത്തടക്കം യുവതിയുമായെത്തി അന്വേഷക സംഘം തെളിവെടുത്തു. എംഎൽഎ ബലാത്സംഗം ചെയ്ത കോവളം ഗസ്റ്റ്ഹൗസിലും സ്വകാര്യ റിസോർട്ടിലും ജില്ലാ ക്രൈംബ്രാഞ്ച് അസി. കമീഷണർ ബി അനിൽകുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി.വഞ്ചിയൂരിലെ അഭിഭാഷക ഓഫീസിൽവച്ച് പണം വാഗ്ദാനം ചെയ്യുകയും പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തല്ലുകയും ചെയ്തു. എംഎൽഎയുടെ ഫോൺ യുവതി മോഷ്ടിച്ചെന്ന ഭാര്യയുടെ പരാതി തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണം. ഫോൺ കണ്ടെത്താൻ എംഎൽഎയെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദങ്ങൾ വിശദമായി കേട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഇരുപതിലേക്ക് മാറ്റി.
ജാമ്യം നൽകിയാൽ ഇരയുടെ
ജീവന് ഭീഷണി
ബലാത്സംഗക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. സമൂഹമാധ്യമങ്ങളിലൂടെ ഇരയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും എംഎൽഎ ശ്രമിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടറെ സ്വാധീനിക്കാൻ പ്രതി ശ്രമിച്ചതും ഇതിനകം തെളിഞ്ഞിട്ടുണ്ട്. അതിനാൽ മുൻകൂർജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരി നേരത്തെയും പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ടെന്നും കള്ളപ്പരാതിയാണ് ഉന്നയിക്കുന്നതെന്നും എൽദോസിന്റെ അഭിഭാഷകൻ വാദിച്ചു. ബലാത്സംഗക്കേസിലെ ഇരയുടെ മുൻകാല ചരിത്രം എന്തെന്നുപോലും പരിശോധിക്കരുതെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഹക്കീം വെമ്പായം വാദിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇരയെ ബലാത്സംഗം ചെയ്തശേഷവും കോവളത്ത് എത്തി പരസ്യമായി മർദിച്ചിരുന്നു.
മർദനമേറ്റ് ആശുപത്രിയിലെത്തിച്ചെന്ന് രേഖ
എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുവതിയെ മർദിച്ചതിനും ആശുപത്രിയിലെത്തിച്ചതിനും കൂടുതൽ തെളിവുകൾ. മർദനമേറ്റ സെപ്തംബർ 14ന് യുവതിയും എംഎൽഎയുടെ പിഎ ഡാമി പോളും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകൾ പുറത്തുവന്നു.
യുവതിയെ ക്രൂരമായി മർദിക്കുന്നതിനിടെ എംഎൽഎ, പിഎയുടെ നെഞ്ചിൽ അറിയാതെ ചവിട്ടിയിരുന്നു. 15ന് പുലർച്ചെയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. മർദിച്ച് അവശയാക്കിയ തന്നെ എംഎൽഎതന്നെ ആശുപത്രിയിൽ കൊണ്ടുപോയെന്ന് യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പുലർച്ചെ 2.26നാണ് ഡാമി പോൾ ആശുപത്രിയിൽ എത്തിയത്. നെഞ്ചുവേദനയ്ക്കാണ് ഇദ്ദേഹം ചികിത്സ തേടിയത്.
അധ്യാപിക പരാതി നൽകി
സമൂഹമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ, എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ബലാത്സംഗത്തിനിരയായ അധ്യാപിക തിരുവനന്തപുരം സൈബർ സെല്ലിന് പരാതി നൽകി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് അരീക്കൽ, പെരുമ്പാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൽദോസ് ചിറയ്ക്കൽ എന്നിവർക്കെതിരെയാണ് പരാതി.