കൊല്ലം
ആർഎസ്എസും ബിജെപിയും മോദിയും ചേർന്ന് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ. ആർഎസ്പി സംസ്ഥാന സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയക്കാർഡിറക്കി രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തെയും യുവാക്കളെയും വിഭജിക്കാനാണ് സംഘപരിവാറും മോദിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിതി ആയോഗിന്റെ കണക്കിൽ പറയുന്നതുപോലെ രാജ്യത്ത് 24 ശതമാനം പേർ അതിദാരിദ്ര്യത്തിലാണെന്ന സത്യം മറച്ചുവച്ചാണ് അവർ വർഗീയത ആളിക്കത്തിക്കുന്നത്. കോവിഡ് പിടിപെട്ട് മരിച്ചവരുടെ കണക്കുപോലും കേന്ദ്ര സർക്കാർ മറച്ചുവച്ചു. കോവിഡിനുശേഷം വടക്കേ ഇന്ത്യയിൽ ആളുകൾ പട്ടിണിമൂലം മരിക്കുന്നു. ഇന്ത്യൻ ഭരണഘടനയും മതേതരത്വവും ഇത്രയധികം വെല്ലുവിളി നേരിട്ട മറ്റൊരുകാലം ഉണ്ടായിട്ടില്ല. ആഭിചാരക്കൊല നാടിന് നാണക്കേടാണെന്നും മനോജ് ഭട്ടാചാര്യ പറഞ്ഞു.
കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ കെ എസ് വേണുഗോപാൽ സ്വാഗതംപറഞ്ഞു. സംസ്ഥാന സെക്രട്ടറി എ എ അസീസ്, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോൺ, ബാബു ദിവാകരൻ, ടി സി വിജയൻ തുടങ്ങിയവർ സംസാരിച്ചു. റെഡ് വളന്റിയർ മാർച്ചും റാലിയും നടന്നു.