തിരുവനന്തപുരം
കോവിഡിൽ ലോകം പകച്ചുനിൽക്കെ കേരളം കരുതലായി ശേഖരിച്ച കോവിഡ് പ്രതിരോധ സാമഗ്രികളുടെ പേരിൽ വീണ്ടും ഉയർത്തുന്ന ആരോപണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയത്. കരുതലായി ശേഖരിച്ച സാമഗ്രികളിൽ ആരോഗ്യപ്രവർത്തകർക്കുള്ള പിപിഇ കിറ്റുകൾ കൂടുതലായി ആവശ്യം വരുമെന്ന് കണ്ടപ്പോഴാണ് 2020 മാർച്ചിൽ 50,000 എണ്ണം ശേഖരിക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ അനുമതി നൽകിയത്. പൊടുന്നനെ കിറ്റുകളുടെ വില വർധിച്ചു. മെഡിക്കൽ സർവീസസ് കോർപറേഷൻ കിറ്റിന് ഓർഡർ നൽകിയശേഷം വില ഇടിഞ്ഞു. 15,000 കിറ്റ് എത്തിയപ്പോഴായിരുന്നു വില കുറഞ്ഞുതുടങ്ങിയത്. തുടർന്ന് ബാക്കിയുള്ള ഓർഡർ റദ്ദാക്കി.
ഇത് വലിയ അഴിമതിയായി പ്രതിപക്ഷം അന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. ജനങ്ങളുടെ ജീവനാണ് വലുതെന്നും ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം സർക്കാരിന്റെ കടമയാണെന്നും ഓർമിപ്പിച്ച മുഖ്യമന്ത്രി കിറ്റ് വാങ്ങിയതിലെ നടപടികൾ സുതാര്യമാണെന്നും രേഖകൾ സഹിതം നിയമസഭയിൽ വ്യക്തമാക്കി.
കോവിഡിൽ സംസ്ഥാന സർക്കാർ എന്തായിരുന്നുവെന്ന് അനുഭവിച്ചറിഞ്ഞ കേരളീയർ പ്രതിപക്ഷത്തെതന്നെ തെരഞ്ഞെടുപ്പിൽ തൂത്തെറിഞ്ഞു. വീണ്ടും എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരു വർഷം പിന്നിട്ടപ്പോഴാണ് ലോകായുക്തയ്ക്കു മുന്നിൽ ഹർജിയുമായി എത്തുന്നത്. മുൻ മന്ത്രിയുടെ വാദം കേൾക്കാൻ ലോകായുക്ത നോട്ടീസാണ് നൽകിയത്. ഇതാണ് അന്വേഷണത്തിന് ഉത്തരവിട്ടു എന്ന മട്ടിൽ പുകമറ സൃഷ്ടിക്കാൻ വീണ്ടും പുറത്തെടുക്കുന്നത്.