തിരുവനന്തപുരം
അതിഥി തൊഴിലാളികൾക്കിടയിലെ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന് ‘കവച്’ പ്രചാരണം. നോ ടു ഡ്രഗ്സ് മുദ്രാവാക്യം ഉയർത്തിയാണ് 22 വരെ ‘കവച്’ എന്ന പേരിൽ തൊഴിൽവകുപ്പ് പ്രചാരണം നടത്തുന്നത്. ഇതിനായി ലഹരിവിരുദ്ധ പോസ്റ്ററുകളും വിവിധ ഭാഷകളിലുള്ള ബ്രോഷറുകളും പുറത്തിറക്കി. അസമീസ്, ബംഗാളി, ഹിന്ദി, ഒഡിയ ഭാഷകളിലാണ് പ്രചാരണ സാമഗ്രികൾ തയ്യാറാക്കിയത്.
വിവിധ ഭാഷകളിലുള്ള പ്രചാരണസാമഗ്രികൾ മന്ത്രി വി ശിവൻകുട്ടിയിൽനിന്ന് തൊഴിൽ സെക്രട്ടറി മിനി ആന്റണി ഏറ്റുവാങ്ങി. ‘കവച്’ പ്രചാരണം സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കണ്ണൂരിൽ നടക്കും. വിളംബര ജാഥകൾ, മെഡിക്കൽ ക്യാമ്പുകൾ, അതിഥി തൊഴിലാളി കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. ലേബർ കമീഷണർ കെ വാസുകി, അഡീഷണൽ ലേബർ കമീഷണർ കെ എം സുനിൽ എന്നിവർ പങ്കെടുത്തു.