മാഡ്രിഡ്
ലോകഫുട്ബോളിലെ വീറുറ്റ പോരാട്ടം ഇന്ന്. എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡും ബാഴ്സലോണയും നേർക്കുനേർ. ക്ലാസിക്കോയിലെ 250–-ാംഔദ്യോഗിക മത്സരമാണിത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ രാത്രി 7.45നാണ് കളി. ഇതുവരെയുള്ള 249 ക്ലാസിക്കോയിൽ റയലിനാണ് മുൻതൂക്കം. 100ൽ ജയിച്ചു. ബാഴ്സ 97 കളിയിൽ. 52 സമനിലയും പിറന്നു. ഏറ്റവുംഒടുവിൽ റയലിനെ ബാഴ്സ നാല് ഗോളിന് തകർത്തിരുന്നു.
സ്പാനിഷ് ലീഗിൽ ഇതുവരെയും തോൽവി വഴങ്ങാതെയാണ് റയലും ബാഴ്സയും എത്തുന്നത്. ഗോൾവ്യത്യാസത്തിൽ ബാഴ്സയാണ് ഒന്നാമത്. എട്ട് കളിയിൽ 22 പോയിന്റാണ് ഇരുകൂട്ടർക്കും. ബാഴ്സ ഒറ്റ ഗോൾമാത്രമാണ് വഴങ്ങിയത്. ഗോളടിക്കാരായ റയലിന്റെ കരീം ബെൻസെമയും ബാഴ്സയുടെ റോബർട്ട് ലെവൻഡോവ്സ്കിയും തമ്മിലുള്ള പോരാട്ടംകൂടിയാണിത്. ഒപ്പം പരിശീലകരായ കാർലോ ആൻസെലോട്ടിയുടെയും സാവിയുടെയും തന്ത്രങ്ങളുടെ ഏറ്റുമുട്ടലും കാണാം.
റയലിന് പരിക്കിന്റെ ആശങ്കകളുണ്ട്. വിശ്വസ്തനായ ഗോൾകീപ്പർ തിബൗ കുർട്ടോ പുറത്താണ്. ബാഴ്സയ്ക്ക് ചാമ്പ്യൻസ് ലീഗിലെ ഇന്റർ മിലാനോട് സമനില വഴങ്ങിയതിന്റെ ക്ഷീണമുണ്ട്.