തിരുവനന്തപുരം
ആഭിചാരക്കൊല നടന്ന ഇലന്തൂരിലും പൊലീസിന് സഹായികളാകുകയാണ് ശ്വാനസേനയിലെ മായയും മർഫിയും. ഭഗവൽസിങ്ങിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലും സമാനരീതിയിൽ കൂടുതൽ മൃതദേഹങ്ങൾ അടക്കംചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ഇവ. 2020 മാർച്ചിൽ പൊലീസ് സേനയിൽ ചേർന്ന ഈ നായ്ക്കൾ ബൽജിയം മൽനോയിസ് വിഭാഗത്തിൽപ്പെട്ടതാണ്.
മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ധപരിശീലനം ലഭിച്ചിട്ടുണ്ട്. 40 അടി താഴെ വരെയുള്ള എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും മണത്തുപിടിക്കാൻ കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുള്ള ലില്ലിയും മർഫിയും പരിശീലനം നേടിയത്.
ഊർജസ്വലതയും ബുദ്ധികൂർമതയുമാണ് പ്രത്യേകത. 2020ൽ ഉരുൾപൊട്ടലിൽ നാശം വിതച്ച ഇടുക്കി പെട്ടിമുടിയിലെ മണ്ണിൽനിന്ന് എട്ട് മൃതദേഹം കണ്ടെത്തിയത് മായ ആയിരുന്നു.
കൊക്കയാറിലെ ഉരുൾപൊട്ടൽ മേഖലയിൽനിന്ന് നാല് മൃതദേഹം കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരുന്നു. ഹവിൽദാർ പി പ്രഭാതും പൊലീസ് കോൺസ്റ്റബിൾ ബോണി ബാബുവുമാണ് മായയുടെ പരിശീലകർ. മർഫിയെ പരിപാലിക്കുന്നത് സിവിൽ പൊലീസ് ഓഫീസർ കെ എസ് ജോർജ് മാനുവൽ, കോൺസ്റ്റബിൾ കെ ജി നിഖിൽകൃഷ്ണ എന്നിവരാണ്. ഈ വിഭാഗത്തിൽപ്പെട്ട 36 നായ്ക്കളാണ് കേരള പൊലീസിലുള്ളത്.