കൊച്ചി
‘മുറിവേറ്റ വമ്പന്മാരെ ഭയക്കണം. ജയിക്കാനായി ഏതറ്റംവരെയും അവർ പോകും’–-കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് എടികെ മോഹൻ ബഗാന്റെ കരുത്തിനെപ്പറ്റി സംശയം ഒന്നുമില്ല. ഐഎസ്എൽ ഫുട്ബോൾ രണ്ടാംമത്സരത്തിൽ ഇന്ന് എടികെ ബഗാനെ നേരിടുമ്പോൾ വുകോമനോവിച്ചും പടയാളികളും കരുതലോടെയാണ്.
കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് കരുത്തരുടെ ബലപരീക്ഷണം. ആദ്യകളിയിൽ മറ്റൊരു കൊൽക്കത്തൻ ടീം ഈസ്റ്റ് ബംഗാളിനെ 3–-1ന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. എടികെ ബഗാനാകട്ടെ ചെന്നൈയിൻ എഫ്സിയോട് തോറ്റു (1–-2).
ഈസ്റ്റ് ബംഗാളല്ല എടികെ ബഗാൻ എന്ന ബോധ്യം വുകോമനോവിച്ചിനുണ്ട്. ‘കിരീട സാധ്യതകളിൽ ഏറ്റവും മുന്നിലുള്ള ടീമാണവർ. എല്ലാനിരയിലും രാജ്യാന്തര താരങ്ങൾ. തോറ്റാണ് വരുന്നത് എന്നത് കൂടുതൽ അപകടകാരികളാക്കും’–-സെർബിയക്കാരൻ മനസ്സിലുള്ളത് തുറന്നുപറഞ്ഞു. ആദ്യകളിയിലെ തന്ത്രമായിരിക്കില്ല എടികെ ബഗാനെതിരെയെന്നും പരിശീലകൻ വ്യക്തമാക്കി. പ്രതിരോധം കനപ്പിക്കേണ്ടിവരും. എതിരാളിയെ ഗോളടിക്കുന്നതിൽനിന്ന് തടയുന്നതിലാണ് ഊന്നലെന്നും വുകോമനോവിച്ച് പറഞ്ഞു.
ഒറ്റ മത്സരംകൊണ്ട് മികവ് തെളിയിച്ച ഉക്രയ്ൻകാരൻ ഇവാൻ കലിയുഷ്നി ആദ്യ 11ൽ ഉൾപ്പെടുമെന്നാണ് സൂചന. മുന്നേറ്റത്തിൽ അപോസ്തലോസ് ജിയാനുവുവോ ദിമിത്രിയാസ് ഡയമന്റാകോസോ പുറത്തിരിക്കും. മധ്യനിരയിൽ കലിയുഷ്നിയും അഡ്രിയാൻ ലൂണയും ചേരുമ്പോൾ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് വീര്യംകൂടും. പ്രതിരോധമതിലിന്റെ കടിഞ്ഞാൺ മാർകോ ലെസ്കോവിച്ചിന് തന്നെയാകും. പുയ്റ്റിയയും ജീക്സൺ സിങ്ങും ഡിഫൻസീവ് മിഡ്ഫീൽഡറുടെ കുപ്പായമണിയും.
ചെന്നൈയിനെതിരെ ഗോളടിക്കാൻ ആളില്ലാതെ പോയതാണ് എടികെ ബഗാന് ക്ഷീണമായത്. ബംഗളൂരുവിലേക്ക് കൂടുമാറിയ റോയ് കൃഷ്ണയുടെ വിടവ് മുന്നേറ്റത്തിൽ നിഴലിച്ചു. ഇന്ത്യൻ സഖ്യം മൻവീർ സിങ്ങിലും ലിസ്റ്റൺ കൊളാസോയിലുമാണ് പ്രതീക്ഷകൾ. ഒന്നിനൊന്ന് മികച്ച താരങ്ങളാണ് യുവാൻ ഫെറാൻഡോ പരിശീലിപ്പിക്കുന്ന ടീമിൽ. വിങ്ങുകളിൽ മലയാളിതാരം ആഷിഖ് കുരുണിയനും ആശിഷ് റായും ഏത് പ്രതിരോധത്തെയും പിളർത്താൻ പോന്നവർ. ഹ്യൂഗോ ബൗമസ്, ജോണി കൗകോ, ദിമിത്രി പെട്രാറ്റോസ് എന്നീ വിദേശതാരങ്ങളും ശക്തികൂട്ടും. മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റുതീർന്നിട്ടുണ്ട്.