കൊച്ചി
ഐഎസ്എൽ ഒമ്പതാംപതിപ്പിലെ രണ്ടാംമത്സരത്തിൽ മുൻ ചാമ്പ്യൻമാരായ എടികെ മോഹൻബഗാനെ നേരിടാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ തയ്യാറെടുപ്പ്, സീസണിലെ ലക്ഷ്യങ്ങൾ, ഐഎസ്എല്ലിന്റെ ഭാവി, ഇന്ത്യൻ ഫുട്ബോളിന്റെ അവസ്ഥ എന്നിവയെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച് സംസാരിക്കുന്നു.
നിറഞ്ഞ സ്റ്റേഡിയത്തിലെ
അനുഭവം?
കാണികളുടെ പിന്തുണ വിലമതിക്കാനാകാത്തതാണ്. കളിയുടെ താളത്തിനും കളിക്കാരുടെ ചലനവേഗത്തിനും അവർ നൽകുന്ന ഊർജം ചെറുതല്ല. അഡ്രിയാൻ ലൂണയെപ്പോലുള്ള കളിക്കാർക്ക് സ്വന്തം കാണികൾക്കുമുന്നിൽ കളിക്കാൻ കഴിഞ്ഞതിന്റെ ആവേശമുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളുമായുള്ള കളിയുടെ അവസാനഘട്ടത്തിൽ നമ്മൾ ഏറെ അവസരങ്ങൾ സൃഷ്ടിച്ചു. എന്നെ സംബന്ധിച്ചിടത്തോളം മനോഹര അനുഭവമായിരുന്നു.
പുതിയ കളിക്കാർ?
ഈ സീസണിൽ എത്തിയ എല്ലാ വിദേശകളിക്കാരും ക്ലബ്ബിനെയും ഈ രാജ്യത്തെയും ഇവിടത്തെ സംസ്കാരത്തെയും മനസ്സിലാക്കി എത്തിയവരാണ്. മുൻ സീസണുകളിൽ വലിയ പേരുള്ള താരങ്ങളെയും കളിജീവിതത്തിന്റെ അവസാനഘട്ടത്തിൽ എത്തിയ കളിക്കാരെയുമാണ് കൊണ്ടുവന്നിരുന്നത്. ആ സാഹചര്യം മാറി. ദീർഘകാല ലക്ഷ്യത്തോടെയാണ് ഈ കളിക്കാരുമായി കരാറായത്.
ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾ?
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങൾക്ക് വലിയ ഭാവിയാണുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 19, 17, 14 പദ്ധതികൾ നല്ല രീതിയിൽ മുന്നേറുന്നു. റിസർവ് ടീമും വനിതാ ടീമുമുണ്ട്. ഡ്യുറന്റ് കപ്പിൽ കളിച്ചവരാണ് വിബിൻ മോഹനനെയും ശ്രീക്കുട്ടനെയുംപോലുള്ള താരങ്ങൾ. അവർക്ക് ഫസ്റ്റ് ടീമിനൊപ്പം സന്നാഹമത്സരങ്ങളിൽ കളിക്കാൻ അവസരം കിട്ടി. കളിജീവിതത്തിന്റെ അടുത്തഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് അവർ. ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് സംവിധാനം മികച്ചതാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റേതായിരുന്നു ഏറ്റവും ചെറുപ്പമുള്ള ടീം. ഇക്കുറിയും അങ്ങനെതന്നെ. സഹലും രാഹുലുമൊക്കെ നമ്മുടെ മുന്നിൽ ഉദാഹരണങ്ങളായുണ്ട്.
എടികെയുമായുള്ള കളി?
ഒരു ലീഗിൽ ആദ്യകളിയിൽ തോറ്റു എന്നതിൽ ഒന്നുമില്ല. പ്രത്യേകിച്ചും എടികെ ബഗാനെപ്പോലുള്ള മികച്ച സംഘബലവും ആസൂത്രണവുമുള്ള ക്ലബ്ബിന്. ഇന്ത്യയിലെതന്നെ ഒന്നാംനമ്പർ ക്ലബ്ബാണ് അവർ. കിരീടസാധ്യതയിൽ എപ്പോഴും മുന്നിലുള്ളവർ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തുടക്കം തോൽവിയോടെയായിരുന്നില്ലേ. അടുത്ത രണ്ടു കളിയും സമനില. ഒടുവിൽ ഫൈനൽവരെ മുന്നേറാനായില്ലേ. എടികെ ബഗാനുമായുള്ള മത്സരം കഠിനമായിരിക്കും. ഞങ്ങൾ മികച്ച തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്.
ഐഎസ്എല്ലിനെക്കുറിച്ച്,
വേണ്ട മാറ്റം?
ഇന്ത്യയെപ്പോലെയുള്ള രാജ്യത്ത് ഒരു ഫുട്ബോൾ ലീഗ് നടത്തി വിജയിപ്പിക്കുക എന്നത് ശ്രമകരമാണ്. സംസ്കാരത്തിലും രീതിയിലും കാലാവസ്ഥയിലുമൊക്കെ വിഭിന്നതയുള്ള നാടാണ്. എങ്കിലും ഇന്ത്യൻ ലീഗിന് ക്രമാനുഗതമായ വളർച്ചയുണ്ട്. അടുത്ത സീസണിൽ പങ്കെടുക്കുന്ന ക്ലബ്ബുകളുടെ എണ്ണം കൂടും. ചുരുങ്ങിയത് എട്ടുമാസമെങ്കിലും ലീഗിന് ദൈർഘ്യം വേണം. കളിക്കും കളിക്കാർക്കും അത് ഗുണം നൽകും.
ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച്?
ഇന്ത്യൻ ഫുട്ബോളിന് വേണ്ടത് അടിസ്ഥാനപാഠമാണ്. കളിയുടെ അടിസ്ഥാനം ഫുട്ബോൾ വിദ്യാഭ്യാസമാണ്. അടിസ്ഥാനവിദ്യാഭ്യാസമില്ലാതെ സർവകലാശാലയിൽ പോയിട്ട് കാര്യമുണ്ടോ, അതാണ് ഇന്ത്യൻ ഫുട്ബോളിൽ സംഭവിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത്. മികച്ച യൂത്ത് സംവിധാനം അത്യാവശ്യമാണ്. കുട്ടികളാണ് ഭാവി. അവരാണ് രാജ്യത്തിന്റെ ഏറ്റവും മൂല്യമുള്ള സമ്പത്ത്.