ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ 20–-ാമത് കോൺഗ്രസ് റിപ്പോർട്ട് ചെയ്യാൻ 750 വിദേശ റിപ്പോർട്ടർമാർ ഉൾപ്പെടെ 2500 മാധ്യമപ്രവർത്തകർ. റിപ്പോർട്ടിങ്ങിന് സൗകര്യമൊരുക്കാൻ എല്ലാ ക്രമീകരണവും ആയിട്ടുണ്ടെന്ന് പാർടി കോൺഗ്രസ് വക്താവ് സൺ യെലി പറഞ്ഞു. ഹോങ്കോങ്, മക്കാവോ, തയ്വാൻ എന്നിവിടങ്ങളിൽനിന്നു മാത്രം 150 മാധ്യമപ്രവർത്തകർ എത്തി.
മാധ്യമപ്രവർത്തകർക്കായുള്ള പ്രസ് സെന്റർ ബുധൻ മുതൽ പ്രവർത്തനം തുടങ്ങി. കോൺഗ്രസിന്റെ ഉദ്ഘാടന-–-സമാപന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു പുറമേ, ആഭ്യന്തര, വിദേശ റിപ്പോർട്ടർമാർക്ക് കോൺഗ്രസ് പ്രതിനിധികളുടെ അഭിമുഖങ്ങൾ എടുക്കാനും അനുബന്ധ പൊതുചടങ്ങുകളിൽ പങ്കെടുക്കാനുമാകും. പ്രതിനിധികൾ താമസിക്കുന്ന സ്ഥലങ്ങളിൽ റിപ്പോർട്ടർമാരുമായി ആശയവിനിമയം നടത്തുന്നതിന് മാധ്യമ സ്റ്റുഡിയോകൾ സജ്ജമാക്കി.
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഔദ്യോഗിക വാർത്താ സമ്മേളനങ്ങളിലും ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കുന്നവർ ഒരു ദിവസംമുമ്പ് ഹോട്ടലിൽ ക്വാറന്റൈനിൽ ഇരിക്കണം. 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ലഭ്യമാക്കണം. സമ്മേളന വിവരങ്ങൾ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാനായി പ്രത്യേകം വെബ്സൈറ്റ് തുറന്നിട്ടുണ്ട്.