വാഷിങ്ടൺ
പാകിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആണവായുധങ്ങളുടെ കാര്യത്തിൽ ഒരു ഉറപ്പുമില്ലാത്ത രാജ്യമാണ് പാകിസ്ഥാനെന്നും ബൈഡൻ പറഞ്ഞു. കലിഫോർണിയയിൽ നടന്ന ഡെമോക്രാറ്റിക് കോൺഗ്രസ് പ്രചാരണ ചടങ്ങിലാണ് ബൈഡന്റെ രൂക്ഷ വിമർശം. ചൈനയെയും റഷ്യയെയും സംബന്ധിച്ച വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ബൈഡൻ പാകിസ്ഥാനെ കടന്നാക്രമിച്ചത്.
ബൈഡന്റെ അഭിപ്രായം തന്നെ അത്ഭുതപ്പെടുത്തിയെന്നും തെറ്റിദ്ധാരണകൊണ്ടാകാം അതെന്നും പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പാകിസ്ഥാനിലെ അമേരിക്കൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എഫ്-16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും പാകിസ്ഥാനും പ്രതിരോധ കരാർ യാഥാർഥ്യമാക്കിയതിനു പിന്നാലെയാണ് ബൈഡന്റെ വിമർശം.