ആലുവ
ശാസ്ത്രബോധത്തിന് നിരക്കാത്ത അന്ധവിശ്വാസം സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗീയശക്തികൾ ശ്രമിക്കുന്നുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സ്ത്രീകളെ അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും നയിക്കാൻ ഇത്തരക്കാർ ശ്രമിക്കുകയാണ്. കെഎസ്കെടിയു സംസ്ഥാന വനിതാ കൺവൻഷൻ ആലുവ കെ എസ് അമ്മുക്കുട്ടി നഗറിൽ (പ്രിയദർശിനി ടൗൺഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീമതി.
വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയ്യാനും അവരെ ഉപയോഗിച്ച് സമൂഹത്തിൽ സ്വാധീനം ഉറപ്പിക്കാനുമാണ് വർഗീയശക്തികൾ നീക്കം നടത്തുന്നത്. രാജ്യം ഭരിക്കുന്ന പാർടിയുടെ ആശയത്തിലേക്ക് സമൂഹത്തെ എത്തിക്കാനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്. സ്ത്രീശക്തിയാണ് രാജ്യത്തിന്റെ ശക്തിയെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ബിൽക്കിസ് ഭാനു കേസിലെ പ്രതികളെ ബിജെപി സർക്കാർ വെറുതെ വിടുന്നു. “ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ’ എന്നതിലൂടെ ഒരു രാജ്യം, ഒരു ഭാഷ, ഒരു മതം എന്ന നയത്തിലേക്ക് ആർഎസ്എസ് രാജ്യത്തെ മാറ്റിയെടുക്കുന്നു.
എന്നാൽ, രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഇവർ ശ്രമിക്കുന്നില്ല. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാകുന്നു. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും ഉൾപ്പെടെ വില കുതിച്ചുയരുന്നു. ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിക്കുന്നു. കോവിഡ്കാലത്ത് സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്തു. രാജ്യത്തിന്റെ സ്വത്തുക്കളാകെ കോർപറേറ്റുകൾക്ക് തീറെഴുതുന്നു. രാജ്യം വലിയ അരാജകത്വത്തിലേക്ക് മാറുകയാണ്.
ഇതിനെല്ലാം ബദൽ സൃഷ്ടിക്കുകയാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. നിത്യോപയോഗസാധനങ്ങളുടെ ഉൾപ്പെടെ വിലക്കയറ്റം പിടിച്ചുനിർത്തി. കർഷകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പെൻഷൻ 1600 രൂപയാക്കി. രാജ്യത്ത് ലിംഗപരമായ അസമത്വം ഇല്ലാതാകണം. സ്ത്രീകൾക്ക് തുല്യസ്ഥാനം വേണം. അതിനുള്ള പോരാട്ടങ്ങൾക്ക് കൺവൻഷൻ ഊർജമാകട്ടെയെന്നും ശ്രീമതി പറഞ്ഞു.