ഇലന്തൂര്‍
ആഭിചാരക്കൊല നടന്ന ഇലന്തൂരിലെ കടകംപള്ളി വീട്ടിലെ എല്ലാ മുറികളിലും ഫ്രിഡ്ജിനുള്ളിലും രക്തക്കറ കണ്ടെത്തി. മധ്യഭാഗത്തെയും പടിഞ്ഞാറെ മുറിയിലുമാണ് കൂടുതൽ രക്തക്കറ. ശനിയാഴ്ച വൈകീട്ടോടെ ഡമ്മി പരീക്ഷണവും നടത്തി. കൊലയ്ക്ക് ഉപയോഗിച്ച മൂന്നു കറിക്കത്തിയും ഒരു വെട്ടുകത്തിയും തടികഷ്ണവും തിരുമ്മൽ കേന്ദ്രത്തിൽനിന്ന് കണ്ടെടുത്തു. രാവിലെ പതിനൊന്നരയോടെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. വൈകിട്ട് വരെ നീണ്ട തെളിവെടുപ്പിൽ പൊലീസ് നായകളും ഫോറന്സിക് വിഭാഗവും പരിശോധന നടത്തി. മനുഷ്യമാംസം വേവിച്ച് രണ്ടു ദിവസത്തോളം ഫ്രിഡ്ജില് സൂക്ഷിച്ചതായി ലൈല മൊഴി നല്കി. ഭക്ഷിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നല്കിയില്ല.
വീട്ടുവളപ്പില്, കാവിന് സമീപമടക്കം ആറ് ഇടങ്ങളിൽ കൂടുതല് പരിശോധനയ്ക്ക് പ്രത്യേകം അടയാളപ്പെടുത്തി. അലക്കുകല്ലിന്റെ സമീപത്ത് മൃതദേഹാവശിഷ്ടം കണ്ടെടുത്ത കുഴിക്ക് സമീപം നായകള് വല്ലാതെ കുരച്ചു. ഇവിടങ്ങളിൽ കുഴിച്ച് പരിശോധിക്കും. വീട്ടുവളപ്പില്നിന്ന് എല്ലിന് കഷ്ണം കണ്ടെത്തിയെങ്കിലും അത് മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം. അത് പരിശോധനയ്ക്ക് അയക്കും.
കൊലപാതകരീതി പുനരാവിഷ്കരിക്കാൻ വെെകിട്ട് നാലരയോടെ ഡമ്മി പരീക്ഷണം തുടങ്ങി. മൂന്നു പ്രതികളെയും മൂന്നു വാഹനങ്ങളിലാണ് കൊണ്ടുവന്നത്. നായകൾ അസ്വാഭാവികമായി പ്രതികരിച്ചതിനെ തുടർന്ന് ഭഗവൽസിങ്ങിനെ മാത്രം ആ സ്ഥലത്തേക്ക് കൊണ്ടുവന്നു. അഞ്ചു മിനിറ്റോളം ഭഗവല്സിങുമായി പൊലീസ് സംസാരിച്ചു. തുടര്ന്ന് ഇയാളെ വാഹനത്തിലേക്ക് മടക്കി.
കഡാവര് നായ്ക്കളായ മായ, മർഫി എന്നിവയെയാണ് പരിശോധനയ്ക്ക് കൊച്ചിയില് നിന്നെത്തിച്ചത്. കഴിഞ്ഞ ദിവസം മൃതദേഹാവശിഷ്ടം പുറത്തെടുത്ത തിരുവല്ല സ്വദേശി സോമനും പൊലീസിനെ സഹായിച്ചു. പ്രതികളെ രണ്ടുദിവസത്തിനിടെ പൊലീസ് 20 മണിക്കൂർ ചോദ്യംചെയ്തു. ഷാഫി സഹകരിക്കുന്നില്ല. മറ്റാരെയെങ്കിലും കൊലപ്പെടുത്തിയതായി പറയുന്നില്ലെങ്കിലും ഇവർ എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയം പൊലീസിനുണ്ട്.