കൊച്ചി
പട്ടണം റഷീദില്ലെങ്കിൽ ‘സർദാർ’ എന്ന തന്റെ പുതിയ ചിത്രം യാഥാർഥ്യമാകില്ലായിരുന്നു എന്ന് നടൻ കാർത്തി. ദിവസവും രണ്ടരമണിക്കൂറാണ് അദ്ദേഹം തന്റെ മേക്കപ്പിനായി ചെലവഴിച്ചത്. വിവിധ ഗെറ്റപ്പുകളിലാണ് താൻ ചിത്രത്തിലെത്തുന്നത്. ‘സർദാർ’ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർത്തി. താൻ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ തിരക്കഥാജോലികൾ പുരോഗമിക്കുകയാണ്. തന്റെ സഹോദരനായ നടൻ സൂര്യ നായകനാകണമെന്നാണ് ആഗ്രഹമെന്നും കാർത്തി പറഞ്ഞു.
നായികമാരായ റാഷി ഖന്ന, രജീഷ വിജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ‘സർദാർ’ പ്രചാരണത്തിനായി എംജി റോഡ് സെൻട്രൽ സ്ക്വയർ മാളിൽ നടന്ന പരിപാടിയിലും കാർത്തി പങ്കാളിയായി. രാജ്യത്തിനായി ജീവൻ ഉഴിഞ്ഞുവച്ച ചാരന്മാരുടെ കഥ പറയുന്ന ‘സർദാർ’ 21ന് കേരളത്തിൽ റിലീസാകും. പി എസ് മിത്രനാണ് സംവിധായകൻ. പ്രിൻസ് പിക്ചേഴ്സ് നിർമിച്ച ‘സർദാർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് ഫോർച്യുൺ സിനിമാസാണ്.