തിരുവനന്തപുരം > ചികിത്സ തേടാൻ മടിച്ച ആദിവാസി സ്ത്രീയെ ആശുപത്രിയിലെത്തിച്ച് മന്ത്രി കെ രാധാകൃഷ്ണന്റെ ഇടപെടൽ. ക്യാൻസർ ബാധിതയായ ആദിവാസി സ്ത്രീ ആശുപത്രിയിൽ പോകാൻ മടിച്ച് മറയൂർ കാട്ടിനുള്ളിലെ കോളനിയിൽ കിടക്കുന്നെന്ന വിവരം ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മന്ത്രി അറിഞ്ഞത്. ഉടനെ അടിമാലി ട്രൈബൽഡവലപ്മെന്റ് ഓഫീസറെ ബന്ധപ്പെടുകയും ആരോഗ്യപ്രവർത്തകരുമായി നേരിട്ട് പോകാൻനിർദ്ദേശിക്കുകയും ചെയ്തു.
കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ ചാമ്പക്കാട് എസ് ടി കുടിയിലെ ഊരുമൂപ്പൻ ബിജുവിന്റെ ഭാര്യയാണ് രോഗി. ഏറെ നിർബന്ധിച്ചിട്ടും ആശുപത്രിയിൽ പോകാൻ അവർ കൂട്ടാക്കുന്നില്ല. ഊരുമൂപ്പൻ സമ്മതിക്കുന്നെങ്കിലും രോഗിയുടെ മക്കളും മാതാപിതാക്കളും കടുത്ത എതിർപ്പ് തുടർന്നു.
ഒടുവിൽ പൊലീസിനെ വിളിക്കുമെന്ന സ്ഥിതിയിൽ എത്തിയപ്പോൾ മറയൂർ ആശുപത്രി വരെ വരാമെന്നായി. സമീപവാസികളും എസ് ടി പ്രമോട്ടറും സോഷ്യൽ വർക്കറുമെല്ലാം ചേർന്ന് രോഗിയെ സ്ട്രെച്ചറിൽ കിടത്തി വഴിയിലെത്തിച്ച് ആംബുലൻസിൽ മറയൂരിലെ സർക്കാർ ആശുപത്രിയിലാക്കി. ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്ന പട്ടികവിഭാഗക്കാർക്ക് കൂട്ടിരിപ്പുകാരെ വരെ ഏർപ്പെടുത്തി ചികിൽസ ഉറപ്പാക്കുന്ന ഈ കാലഘട്ടത്തിൽ മറയൂരിലെ പോലെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഇനിയും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.