അബുദാബി> എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നാം നേടിയെത്ത മാനുഷിക മൂല്യങ്ങളെ പിറകോട്ട് നയിക്കുന്ന പ്രവണത സംസ്ഥാനത്ത് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനെതിരെ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്നും പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാകട പറഞ്ഞു. മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ ഔപചാരികോദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാനമൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകുക പ്രധാനമാണെന്നാണ് ഇലന്തൂർ സംഭവം ഓർമിപ്പിക്കുന്നത്. അന്ധവിശ്വാസവും അനാചാരവും നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ നിലനിൽക്കുന്ന ദൗർബല്യങ്ങ ളാണ്. ഇതിനെയെല്ലാം തിരിച്ചറിയാൻ അവയ്ക്കെതിരെ പ്രതിരോധം തീർക്കുന്ന മൂല്യബോധങ്ങളെ രൂപപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു കർത്തവ്യം കൂടിയാണ് ലോകമലയാളികളെ ഒരുമിപ്പിച്ചുനിർത്തിക്കൊണ്ട് മലയാളം മിഷൻ നടത്തിക്കൊണ്ടിരിക്കുന്ന ഭാഷാപരവും സാംസ്കാരികപരവുമായ പ്രവർത്തനങ്ങൾ എന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
തുടർന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭാരവാഹികളെ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.മലയാളം മിഷൻ കൺവീനർ വി. പി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ അഹല്യ ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ സൂരജ് പ്രഭാകർ, ലോക കേരള സഭ പ്രതിനിധി അഡ്വ. അൻസാരി സൈനുദ്ദീൻ, മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പി. സത്യബാബു, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കയാനയിൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ്, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് ടി. കെ. മനോജ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ മലയാളം മിഷൻ കോർഡിനേറ്റർമാരായ സഫറുള്ള പാലപ്പെട്ടി സ്വാഗതവും ബിജിത് കുമാർ നന്ദിയും പറഞ്ഞു. മലയാളം മിഷൻ വിദ്യാർത്ഥിനി പാർവ്വതി ജ്യോതിഷ് ചൊല്ലിക്കൊടുത്ത ഭാഷാപ്രതിഞ്ജ സദസ്സ് ഒന്നടങ്കം ഏറ്റുചൊല്ലിക്കൊണ്ടാണ് സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ചിത്ര ശ്രീവത്സന്റെ സംവിധാനത്തിൽ മലയാളം മിഷൻ അധ്യാപകർ അധ്യാപകർ അവതരിപ്പിച്ച സംഘഗാനവും, ആശ ഇടമനയുടെ സംവിധാനത്തിൽ മലയാളം മിഷൻ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തസംഗീതശില്പവും അരങ്ങേറി.
മലയാളം മിഷൻ അധ്യാപകർക്ക് സംസ്ഥാന സർക്കാർ ഇഷ്യു ചെയ്ത അധ്യാപക ബാഡ്ജും, ജൂണിൽ സംഘടിപ്പിച്ച കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവ വിജയികൾക്കുള്ള സർട്ടീഫിക്കറ്റുകളും, പുതുതായി ആരംഭിക്കുന്ന സൂര്യകാന്തി, ആമ്പൽ ക്ലാസുകൾക്കുള്ള പുസ്തകങ്ങളും പ്രസ്തുത വേദിയിൽ വെച്ച് വിതരണം ചെയ്തു.