കൊച്ചി
കേരള ബ്ലാസ്റ്റേഴ്സിലെ രണ്ടാംസീസൺ ആസ്വദിക്കുകയാണ് ഇവാൻ വുകോമനോവിച്ച്. ഈസ്റ്റ് ബംഗാളിനെതിരായ ജയവും കൊച്ചിയിലെ കാണികളുടെ ആരവങ്ങളും വുകോയുടെ മനസ്സ് നിറച്ചു. ഗോവയിൽ കൈവിട്ടത് തിരിച്ചുപിടിക്കാനുള്ള തുടക്കം ആവേശകരമായി. അതിനൊരു തുടർച്ചവേണം. അതിനുള്ള തന്ത്രങ്ങളിലാണ് വുകോ.
പരിശീലകരെ നിരന്തരം മാറ്റുന്ന സംവിധാനത്തിലേക്കാണ് ഈ സെർബിയക്കാരൻ കടന്നെത്തിയത്. എന്നാൽ, ആ രീതിയെ വുകോ മാറ്റി. തുടർച്ചയായ രണ്ടാംസീസണിലും ടീമിന്റെ അമരത്ത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചതിനുമാത്രമല്ല, കളിക്കാരിലും മാനേജ്മെന്റിലുമുണ്ടാക്കിയ വിശ്വാസത്തിന്റെ ഫലംകൂടിയായിരുന്നു ഈ തുടർച്ച. കളിക്കാരെക്കാൾ സ്നേഹം ആരാധകർ വുകോയ്ക്ക് നൽകുന്നതും അതുകൊണ്ടുതന്നെ.
ബൽജിയമായിരുന്നു ഇവാൻ വുകോമനോവിച്ച് എന്ന സെർബിയക്കാരന്റെ തട്ടകം. ബൽജിയത്തോടായിരുന്നു ആത്മബന്ധം. കളി പഠിച്ചതും കളിച്ചതും പഠിപ്പിക്കാൻ തുടങ്ങിയതും അവിടെവച്ചായിരുന്നു. 34–-ാംവയസ്സിൽ കളിനിർത്തി പരിശീലക കുപ്പായമണിഞ്ഞതാണ് ഈ മുൻ ഡിഫൻസീവ് മിഡ്ഫീൽഡർ. പ്രതിരോധഹൃദയമോ മധ്യനിരയോ ഭരിക്കുന്ന കളിക്കാരന് ഏറ്റവുംമികച്ച പരിശീലകനാകാൻ കഴിയുമെന്ന് വിശ്വസിക്കുന്നയാളാണ് വുകോ. കളിജീവിതത്തിലെ തീരുമാനങ്ങളൊന്നും ഏറെ ചിന്തിച്ച് എടുത്തതല്ല.
അപ്രതീക്ഷിതമായിട്ടായിരുന്നു ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ്. അതെങ്ങനെ സംഭവിച്ചു എന്നതിൽ വുകോയ്ക്ക് ഇപ്പോഴും കൃത്യമായ ഉത്തരമില്ല. മുൻനിര ക്ലബ്ബുകൾ ഉൾപ്പെടെ വൻ വാഗ്ദാനം നൽകി സമീപിച്ചിട്ടും ബ്ലാസ്റ്റേഴ്സിനെ ആ നാൽപ്പത്തഞ്ചുകാരൻ സ്വീകരിച്ചു. ‘മനസ്സിൽ അങ്ങനെ തോന്നി. ഇതാണ് എന്റെ തട്ടകം എന്ന തോന്നൽ’ വുകോ പറയുന്നു. ആ തെരഞ്ഞെടുപ്പ് ഒരിക്കലും മോശമാകില്ലെന്ന് വുകോ വിശ്വസിച്ചു.
ഈ സീസണിൽ പുതിയ കളിക്കാരെ തെരഞ്ഞെടുക്കുന്നതിൽ കൃത്യമായ മാനദണ്ഡം വുകോയ്ക്കുണ്ടായിരുന്നു. ‘നല്ല മനുഷ്യനാകുക എന്നതായിരുന്നു ആദ്യ പരിഗണന. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും വ്യക്തമാക്കി. ഇവിടത്തെ സാമൂഹ്യ അന്തരീക്ഷത്തെയും സംസ്കാരത്തെയും അവരെ ബോധ്യപ്പെടുത്തി. അതൊക്കെ ഉൾക്കൊള്ളുന്ന കളിക്കാരെയായിരുന്നു ഞങ്ങൾക്ക് ആവശ്യം. സാങ്കേതികവും തന്ത്രപരവുമായ കഴിവുകൾക്ക് പിന്നീടായിരുന്നു സ്ഥാനം’–- വുകോ പറഞ്ഞു.
ടീമിനകത്ത് നല്ല അന്തരീക്ഷമുണ്ടാക്കുകയാണ് ആദ്യം വേണ്ടത്. മെച്ചപ്പെടണമെങ്കിൽ കളിക്കാരെ ദീർഘകാലത്തേക്ക് കളിപ്പിക്കണം. കലിയുഷ്നിയെപ്പോലുള്ള കളിക്കാർ ടീമിന്റെ ഭാഗമായത് ആ ഉദ്ദേശ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഐഎസ്എല്ലിന് ക്രമാനുഗതമായ വളർച്ചയുണ്ടെന്നാണ് വുകോയുടെ വിലയിരുത്തൽ. ലീഗ് ചുരുങ്ങിയത് എട്ടുമാസം ദൈർഘ്യമുള്ളതാകണം. നിലവിലെ രീതി മാറണം.
ഒരു കളിക്കാരന് ഫുട്ബോൾ എന്ന ഒറ്റ വികാരം മാത്രമേയുള്ളൂ. അതിന് അതിർവരമ്പുകളില്ല. ഞാൻ ജനിച്ച യുഗോസ്ലാവിയ രാജ്യം ഇന്നില്ല. സെർബിയ എന്ന രാജ്യം പൂർണമായും ഉണ്ടാകുന്നത് 2006ലാണ്. സ്ലൊവേന്യയുടെയും ക്രോയേഷ്യയുടെയും മാസിഡോണിയയുടെയും ബോസ്നിയയുടെയും കൊസാവോയുടെയും കളികൾ എനിക്ക് ഇഷ്ടമാണ്. അതിനൊപ്പം ബൽജിയവുമുണ്ട്. വരുന്ന ഖത്തർ ലോകകപ്പിൽ പുതിയൊരു രാജ്യം കപ്പ് നേടണമെന്നാണ് ആഗ്രഹം. ആഫ്രിക്കൻ ടീമുകളെ ഏറെ ഇഷ്ടപ്പെടുന്നു–- വുകോമനോവിച്ച് പറഞ്ഞു.