ജറുസലേം
വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിൽ പലസ്തീൻകാരനായ കൗമാരക്കാരനെ ഇസ്രയേൽ സൈന്യം വെടിവച്ച് കൊന്നു. തെക്കൻ പ്രദേശത്തെ അൽ അറൂബ് ക്യാമ്പിലെ ഉസാമ അദാവി (18)യെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച ക്യാമ്പ് അന്തേവാസികളുമായുണ്ടായ സംഘർഷത്തിനിടെയാണ് ഇസ്രയേൽ സൈനികർ വെടിയുതിർത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ ക്യാമ്പിന് സമീപം കണ്ടെത്തിയതിനാലാണ് വെടിവച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
കഴിഞ്ഞദിവസങ്ങളില്‍ മൂന്ന് കൗമാരപ്രായക്കാരെ ഇസ്രയേല്‍സേന വധിച്ചിരുന്നു. പ്രക്ഷോഭകരും സാധാരണക്കാരും അടക്കം നൂറിലേറെ പലസ്തീന്‍കാര്‍ സമീപകാലത്ത് ഇസ്രയേല്‍ സൈന്യത്തിന്റെ തോക്കിനിരയായി.