ഐക്യരാഷ്ട്ര കേന്ദ്രം
ഉക്രയ്ന്റെ കൂടുതൽ മേഖലകൾ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാഗമായതിനെ അപലപിച്ച് യുഎൻ പൊതുസഭ. 143 രാജ്യം റഷ്യൻ നടപടിയെ അപലപിച്ച് വോട്ടുചെയ്തപ്പോൾ അഞ്ച് അംഗങ്ങൾ മാത്രമാണ് അനുകൂലിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ചൈന, ദക്ഷിണാഫ്രിക്ക ഉൾപ്പെടെ 35 രാജ്യം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഹിതപരിശോധന നിയമവിരുദ്ധവും യുഎൻ ചാർട്ടറിന്റെ അന്തസത്തയ്ക്കുനേർക്കുള്ള ആക്രമണവുമാണെന്ന് പ്രമേയത്തിൽ പറഞ്ഞു.
റഷ്യ ഉക്രയ്നെ ആക്രമിച്ചതിനെ അപലപിക്കാൻ മാർച്ചിൽ നടത്തിയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന ബംഗ്ലാദേശ്, ഇറാഖ്, സെനഗൽ എന്നിവ ബുധനാഴ്ച റഷ്യക്കെതിരെ വോട്ട് രേഖപ്പെടുത്തി. എന്നാൽ, യുഎന് ഒന്നടങ്കം എതിര്പ്പറിയിക്കാനായി അമേരിക്ക നടത്തിയ പ്രചാരണത്തിന് ഇന്ത്യ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിട്ടുനിൽപ്പ് വഘാതമായി.















