തിരുവനന്തപുരം
ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് സംരക്ഷണമൊരുക്കാൻ കോൺഗ്രസ് നേതൃത്വം. ഗുരുതര കേസായിട്ടും ഇയാൾക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചിട്ടില്ല. എംഎൽഎയുടെ വിശദീകരണം കേൾക്കട്ടെ എന്ന പല്ലവിയാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ആവർത്തിക്കുന്നത്. എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം.
ആരോപണത്തിന് പിന്നാലെ പരാതിക്കാരിയെ മോശമാക്കാനുള്ള ശ്രമവുമുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം ഇവരെ അപകീർത്തിപ്പെടുത്തി പേരും ഫോട്ടോയും പുറത്തുവിട്ടിരുന്നു. പ്രതിപക്ഷ നേതാവിന്റെ അറിവോടെയാണിതെന്നും കോൺഗ്രസിനെ വിശ്വാസമില്ലെന്നും യുവതി തുറന്നുപറഞ്ഞതാണ്.
മുൻകൂർ ജാമ്യം ലഭിക്കാതെ അറസ്റ്റ്ചെയ്യുന്ന സാഹചര്യത്തിൽ കുന്നപ്പിള്ളിയെ പാർടി സ്ഥാനങ്ങളിൽനിന്ന് തൽക്കാലം മാറ്റാനാണ് ആലോചന. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഈ ധാരണയാണുണ്ടായത്. ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഗുണമാകില്ലെന്നാണ് പൊതുനിലപാട്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പുണ്ടായാൽ എംഎൽഎമാരിൽ ഒന്ന് കുറയുമെന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ പ്രതികരണം. കുന്നപ്പിള്ളിക്കെതിരെ വളരെ മോശം അഭിപ്രായമാണുള്ളതെന്ന് ഒരു വിഭാഗം പറയുന്നു. ഇത്തരക്കാരെ സംരക്ഷിക്കുന്ന നിലപാടിലും ഇവർക്ക് അതൃപ്തിയുണ്ട്. 2899 വോട്ടിനാണ് കഴിഞ്ഞതവണ കുന്നപ്പിള്ളി ജയിച്ചത്. ലൈംഗികാരോപണമുയർന്നതും പൊതുസാഹചര്യവും തങ്ങൾക്ക് അനുകൂലമല്ലെന്നാണ് ഘടകകക്ഷി നേതാക്കളുടെയും വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നാണക്കേടുണ്ടായാലും എംഎൽഎയെ ചുമക്കാനാണ് നീക്കം.
ഒളിവിലിരുന്നും അധ്യാപികയെ
അപമാനിച്ച് പോസ്റ്റ്
അധ്യാപികയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ചുദിവസമായി ഒളിവിലായ കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി പരാതിക്കാരിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുമായി ഫെയ്സ്ബുക്കിൽ പൊങ്ങി. ‘ക്രിമിനലുകൾക്ക് ജെൻഡർ വ്യത്യാസമില്ല; നിയമവിരുദ്ധമായ ഒരു തെറ്റും ചെയ്തിട്ടില്ല; പെരുമ്പാവൂരിലെ വോട്ടർമാർ പറയുന്നത് ഞാൻ അനുസരിക്കും’ എന്നാണ് കുറിപ്പ് . വ്യാഴം രാവിലെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. യുവതി നൽകിയ പരാതിക്കെതിരെ പ്രതികരിക്കണമെന്ന ആഹ്വാനവും എംഎൽഎ നൽകിയിട്ടുണ്ട്. പിന്നാലെ എംഎൽഎയുടെ കമന്റ് ബോക്സിൽ ട്രോളുകളുടെ പ്രളയമാണ്. ‘ഒളിച്ചിരിക്കാതെ വെട്ടത്തുവരൂ’ എന്നാണ് ചിലർ ആവശ്യപ്പെടുന്നത്. പീഡനത്തിന് ഇരയായ അധ്യാപികയ്ക്കെതിരെ എംഎൽഎയുടെ ഭാര്യ മറിയാമ്മ എബ്രഹാം കുറുപ്പംപടി പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴിയെടുക്കാൻ വിളിച്ചപ്പോൾ പിന്നീട് വരാമെന്നു പറഞ്ഞ് മുങ്ങി. അധ്യാപികയ്ക്കെതിരെ, കോൺഗ്രസ് സൈബറിടങ്ങളിൽ നിന്ന് അപകീർത്തികരമായ പ്രചാരണം നടത്തുന്നുണ്ട്. ഫോണിൽ ഇവരെ ഭീഷണിപ്പെടുത്തിയ പെരുമ്പാവൂർ മണ്ഡലത്തിലെ കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗമായ വനിതയും ഒളിവിലാണ്.
എംഎൽഎയുടെ ഓഫീസിലേക്ക്, എൽഡിഎഫ് മണ്ഡലം കമ്മിറ്റിയും ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിലും ബഹുജനമാർച്ച് നടത്തി. കഴിഞ്ഞദിവസം എംഎൽഎയുടെ ഓഫീസ് ജീവനക്കാരൻ നിഖിൽ രാത്രി ഓഫീസ് തുറന്ന് രേഖകളെല്ലാം കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു.