കൊച്ചി
ആഭിചാരക്കൊല കേസിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കും. അഞ്ചുവർഷത്തിനുള്ളിൽ കൊച്ചിയിലും പരിസരത്തുമായി കാണാതായ പത്തിലേറെ സ്ത്രീകളുടെ വിവരങ്ങളും മലയാറ്റൂർ പ്രദേശം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കാണാതായവരെക്കുറിച്ചും പ്രത്യേകം അന്വേഷിക്കും. കൊച്ചിയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആഭിചാര ക്കൊല അന്വേഷിക്കാൻ പ്രത്യേക കർമപദ്ധതിയും തയ്യാറാക്കി.
ഇലന്തൂരിലെ വീട്ടിൽ പെൺകുട്ടികളെ എത്തിച്ച് മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫി പീഡിപ്പിച്ചെന്ന വിവരവും അന്വേഷിക്കും. സമൂഹ മാധ്യമങ്ങൾ ദുരുപയോഗിച്ച് നടത്തിയ കൊടുംക്രൂരതയ്ക്കുപിന്നിൽ കൂടുതൽപേർ ഉണ്ടാകാനുള്ള സാധ്യത തള്ളുന്നില്ല. മനോവൈകൃതവും ലൈംഗിക അരാജകത്വവുമുള്ള ഒരാളുടെ പ്രവൃത്തിയായിമാത്രം സംഭവത്തെ കാണില്ല. ഷാഫി തുടങ്ങിയ ഫെയ്സ്ബുക്ക് വ്യാജ അക്കൗണ്ടുകൾ സൈബർ ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുത്തിട്ടുണ്ട്. ഇലന്തൂർ മാതൃകയിൽ കൂടുതൽ തട്ടിപ്പും ക്രൂരതകളും അരങ്ങേറിയതായും സംശയമുണ്ട്.
അന്വേഷണത്തോടും ചോദ്യംചെയ്യലിനോടും പ്രതികൾ പൂർണമായി സഹകരിക്കുന്നില്ല. തെറ്റായ വിവരങ്ങളാണ് പലപ്പോഴും നൽകിയത്. ഭഗവൽസിങ്ങിന്റെ ആയുർവേദ ചികിത്സ, ക്ലാസുകൾ, മറ്റു പ്രവർത്തനമേഖലകൾ എന്നിവയടക്കം പ്രതികളുടെ മുൻകാലപ്രവർത്തനങ്ങളും അന്വേഷിക്കും.
സ്ത്രീകളെ വെട്ടിനുറുക്കാൻ മറ്റ് ആയുധങ്ങൾ ഉപയോഗിച്ചിരുന്നോ, അവ എവിടെനിന്ന് വാങ്ങി, വീട്ടിൽ കണ്ടെത്തിയ ആഭിചാരകൃത്യങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങൾ ആരുടേത്, കൊല്ലപ്പെട്ടവരുടെ ആഭരണങ്ങൾ എന്തുചെയ്തു എന്നിവയെല്ലാം പ്രത്യേകം അന്വേഷിക്കും.
ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണങ്ങൾക്ക് വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി അനൂജ് പലിവാൽ, ആലുവ റൂറൽ എസ്പി വിവേക്കുമാർ, സെൻട്രൽ എസിപി സി ജയകുമാർ, ഇൻസ്പെക്ടർമാരായ ബൈജു കെ ജോസ്, എൻ എ അനൂപ്, എസ്ഐമാരായ അയിൻ ബാബു, ടി ബി ബിബിൻ എന്നിവരും പങ്കെടുത്തു.
പ്രത്യേകം പട്ടിക തയ്യാറാക്കണം
നാലുവർഷത്തിനിടെയുണ്ടായ തിരോധാനക്കേസുകൾ ഗൗരവമായി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ഡിഐജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. സ്ത്രീകളെ കാണാതായ കേസുകൾ പ്രത്യേകം അന്വേഷിക്കണം. ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേകം പട്ടിക തയ്യാറാക്കണം. അന്വേഷണ റിപ്പോർട്ട് അതിവേഗം നൽകാനും നിർദേശിച്ചിട്ടുണ്ട്.