കൊച്ചി
ആഭിചാരക്കൊലയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഷാഫി ‘ശ്രീദേവി’ ക്കുപുറമെ വേറെ പേരുകളിലും ഫെയ്സ്ബുക് വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചതായി പൊലീസ്. സ്ത്രീകളുടെ പേരിലുള്ള അഞ്ചോളം ഫെയ്സ്ബുക് വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി. അതിലെ ചാറ്റ് വിവരങ്ങൾ പൊലീസ് ശേഖരിച്ചുതുടങ്ങി.
ഇലന്തൂരിലേതിന് സമാനമായ തട്ടിപ്പുകളാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്ന് ഷാഫി സമ്മതിച്ചു. ‘ശ്രീദേവി’ അക്കൗണ്ടിലെ മെസഞ്ചറിലൂടെ നടത്തിയ നൂറിലധികം ചാറ്റുകളും പൊലീസ് ശേഖരിച്ചു. മൂന്നുവർഷത്തെ വിവരങ്ങളാണ് ഇതിലുള്ളത്. ഭഗവൽസിങ്ങും ഭാര്യ ലൈലയുമല്ലാതെ മറ്റാരെങ്കിലുമായും ഈ അക്കൗണ്ടിലൂടെ ചാറ്റ് നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. പത്മയുടെ കൊലപാതകത്തിനുശേഷം ഈ അക്കൗണ്ട് ഷാഫി നിർജീവമാക്കി. നേരത്തെ റോസിലിയെ കൊലപ്പെടുത്തിയശേഷവും ഏതാനും ദിവസം അക്കൗണ്ടിലൂടെ ഭഗവൽസിങ്ങുമായി ബന്ധപ്പെട്ടിരുന്നില്ല. സംഭവം പുറംലോകം അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ചാറ്റ് പുനരാരംഭിച്ചത്. പത്മയുടെ തിരോധാനം പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞതോടെ അക്കൗണ്ട് നിർജീവമാക്കുകയായിരുന്നു. ആറാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷാഫി ഒറ്റയ്ക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുമോയെന്ന സംശയവുമുണ്ട്.