അഹമ്മദാബാദ്
ദേശീയ ഗെയിംസ് സമാപിച്ചപ്പോൾ ഉയരുന്ന പ്രധാന ചോദ്യം കേരളത്തിന് എന്തുപറ്റിയെന്നാണ്. മുൻ തവണത്തേക്കാൾ 108 മെഡലിന്റെ കുറവ്. 2015ൽ 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവുമടക്കം 162 മെഡലുണ്ടായിരുന്നു. ഇക്കുറി ഗുജറാത്തിൽ 23 സ്വർണവും 18 വെള്ളിയും 13 വെങ്കലുമടക്കം 54 മെഡലായി ചുരുങ്ങി.
എക്കാലത്തും കുത്തകയായിരുന്ന അത്ലറ്റിക്സിലാണ് വലിയ തിരിച്ചടി. മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 11 മെഡലാണ് ലഭിച്ചത്. 2015ൽ 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവും അടക്കം 34 മെഡലുണ്ടായിരുന്നു. 23 മെഡലിന്റെ കുറവ് അത്ലറ്റിക്സിൽമാത്രം.
നീന്തലാണ് ദേദപ്പെട്ട പ്രകടനം നടത്തിയ ഒരിനം. സജൻ പ്രകാശിന്റെ എട്ട് മെഡൽ അടക്കം 11 മെഡൽ ലഭിച്ചു.കനോയിങ്ങിലും കയാക്കിങ്ങിലുമായി നാല് സ്വർണവും റോവിങ്ങിലും റോളർ സ്കേറ്റിങ്ങിലും രണ്ട് സ്വർണവും ഒരു വെള്ളിയും അടക്കം മൂന്ന് മെഡൽ ലഭിച്ചു.
ബാഡ്മിന്റണിൽ ഒരു സ്വർണമടക്കം അഞ്ചും ഫെൻസിങ്ങിൽ ഒരു സ്വർണമുൾപ്പെടെ നാലും മെഡൽ കിട്ടി. അഭിമാനനേട്ടമുണ്ടായ മറ്റൊരു ഇനം വോളിബോളാണ്. പുരുഷ–-വനിത വിഭാഗങ്ങളിൽ സ്വർണം നേടി സമ്പൂർണ ആധിപത്യമുറപ്പിച്ചു. 2015ൽ ഒന്നുവീതം സ്വർണവും വെങ്കലവും ഉണ്ടായിരുന്ന ബീച്ച് വോളിയിൽ ഒരു മെഡൽപോലും നേടാനുമായില്ല. രണ്ട് താരങ്ങളിൽ ഒരാൾ വരാത്തതിനെത്തുടർന്ന് പുരുഷ ടീമിന് കളിക്കാൻ കഴിയാതിരുന്നത് നാണക്കേടുമായി.