പാലക്കാട്> ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ അപമാനിച്ച അധ്യാപകനെതിരെ ശക്തമായ പ്രതിഷേധം. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ രണ്ടാംവർഷ ബികോം(ഫിനാൻസ്) വിദ്യാർഥിയെ അധ്യാപകൻ ബിനു സി കുര്യൻ അപമാനിച്ചതായാണ് പരാതി. അധ്യാപകൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
പരീക്ഷ എഴുതാൻ 75 ശതമാനം ഹാജരില്ലാത്ത ബികോം വിദ്യാർഥിയും അമ്മയുംകൂടി പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് വിദ്യാർഥിക്ക് പലപ്പോഴും ക്ലാസിൽ കയറാൻ കഴിയാതിരുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഹാജർ നൽകാമെന്നും വകുപ്പ്മേധാവിയെ കണ്ടാൽ മതിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. തുടർന്ന് ബികോം(ഫിനാൻസ്) വിഭാഗത്തിൽ വിദ്യാർഥിയും അമ്മയും എത്തി. വകുപ്പ്മേധാവി ഇല്ലാത്തതിനാൽ അധ്യാപകനായ ബിനു സി കുര്യനെ സമീപിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഒപ്പിട്ട് നൽകാൻ അധ്യാപകൻ തയ്യാറായില്ല. എന്തിനാണ് തുടർന്ന് പഠിക്കുന്നതെന്നും മറ്റൊരാളുടെ സഹായത്തിലല്ലേ പരീക്ഷയെല്ലാം ജയിക്കുന്നതെന്നും അധ്യാപകൻ പറഞ്ഞതായി വിദ്യാർഥിയുടെ അമ്മ പറഞ്ഞു. ഹാജർ നൽകാൻ വിസമ്മതിച്ചതിനൊപ്പം വിദ്യാർഥിയെ അപമാനിക്കുകയും ചെയ്തു.
കരഞ്ഞ് പുറത്തിറങ്ങിയ അമ്മ സഹപാഠികളോട് കാര്യം പറഞ്ഞു. തുടർന്ന് വിഷയത്തിൽ ഇടപെട്ട എസ്എഫ്ഐ നേതാക്കൾ അധ്യാപകനെ തടഞ്ഞ് പ്രതിഷേധിച്ചു. പ്രിൻസിപ്പൽ ഡോ. വി അനിൽ എത്തി ചർച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. വിദ്യാർഥിയോട് അധ്യാപകൻ ബിനു സി കുര്യൻ മാപ്പ് പറഞ്ഞതോടെ പ്രതിഷേധം അവസാനിപ്പിച്ചു. അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് എസ്എഫ്ഐ പരാതി നൽകി. യുവജന കമീഷനെയടക്കം സമീപിക്കുമെന്നും എസ്എഫ്ഐ നേതാക്കൾ അറിയിച്ചു.