തിരുവനന്തപുരം
ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് വിനയായത് സ്വന്തം ഫോണിലെ ‘രഹസ്യങ്ങൾ’. പലരുമായുള്ള ബന്ധവും എംഎൽഎയുടെ സ്വഭാവ വൈകൃതവും പരാതിക്കാരി തിരിച്ചറിഞ്ഞത് ഈ ഫോണിൽ നിന്നാണ്. മദ്യലഹരിയിൽ പലപ്പോഴും എംഎൽഎ പരാതിക്കാരിയുടെ വീട്ടിലെത്തിയിരുന്നു. ഒരിക്കൽ ഫോൺ മറന്നുവച്ചു. അന്നാണ് എംഎൽഎയുടെ തനിനിറം യുവതിക്ക് മനസ്സിലായത്. ഇക്കാര്യം യുവതി ചോദിച്ചതോടെ ഫോൺ തിരികെ നൽകാനാവശ്യപ്പെട്ട് മർദിച്ചു. എന്നിട്ടും ഫോൺ നൽകിയില്ല. ഇതോടെ സമ്മർദവും മധ്യസ്ഥ ശ്രമവും തുടങ്ങി. ചില ബിസിനസുകാരും വിവാദ ഓൺലൈൻ മാധ്യമപ്രവർത്തകനുമാണ് ഇടനിന്നത്. ഇതിന് വഴങ്ങാതെ വന്നതോടെ നിരന്തരം ഉപദ്രവിച്ചെന്നും യുവതി മജിസ്ട്രേട്ടിന് മുന്നിലും ക്രൈംബ്രാഞ്ച് അന്വേഷക സംഘത്തിനും മൊഴി നൽകി. എംഎൽഎയ്ക്കെതിരായ വീഡിയോ ദൃശ്യവും ഫോൺ സംഭാഷണം അടക്കമുള്ള ഡിജിറ്റൽ തെളിവും യുവതിയുടെ പക്കലുണ്ട്. അതിലൊന്ന് ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. ബാക്കി തെളിവ് അന്വേഷക സംഘത്തിന് കൈമാറും.
എംഎൽഎയുടെ പീഡനം
വിവാഹവാഗ്ദാനം നൽകി
എൽദോസ് കുന്നപ്പിള്ളി അധ്യാപികയെ പീഡിപ്പിച്ചത് വിവാഹവാഗ്ദാനം നൽകിയിട്ട്. വർഷങ്ങളായി പരിചയമുള്ള ഇരുവരും കഴിഞ്ഞ ജൂൺ മുതൽ കൂടുതൽ അടുത്തിരുന്നതായി യുവതി വെളിപ്പെടുത്തി. സൗഹൃദം മുതലെടുത്ത എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചെന്ന് മജിസ്ട്രേട്ടിനും ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയിൽ പറയുന്നു. യുവതി താമസിക്കുന്ന വീട്ടിൽ മദ്യപിച്ചെത്തി മർദിക്കുന്നത് പതിവായിരുന്നു.
വന്നുകയറിയാലുടൻ വാതിലടയ്ക്കും. എതിർപ്പറിയിച്ചിട്ടും വീട്ടിലെത്തി ഉപദ്രവിച്ചെന്നും യുവതി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ബുധനാഴ്ചയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. അസി. കമീഷണർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പിന് പൊലീസ് അപേക്ഷ നൽകും. ഇതുകൂടി പരിശോധിച്ചശേഷം തുടർനടപടികളിലേക്ക് കടക്കും. നേരത്തെ കോവളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ ലൈംഗിക പീഡനപ്രകാരമുള്ള കേസില്ല. മൊഴിയുടെ അടിസ്ഥാനത്തിൽ ലൈംഗിക പീഡനം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തും.
സൗഹൃദംവിട്ടശേഷവും കുന്നപ്പിള്ളി പീഡിപ്പിച്ചു
സൗഹൃദം പിരിഞ്ഞശേഷവും കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചതായി അധ്യാപിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തു വർഷമായി കുന്നപ്പിള്ളിയെ അറിയാം. മുൻ പിഎ വഴിയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ ജൂൺ മുതൽ കൂടുതൽ അടുത്തു. മോശക്കാരനാണെന്ന് അറിഞ്ഞതോടെ സൗഹൃദം വേണ്ടെന്നുവച്ചു. അതിനുശേഷവും വീട്ടിൽഅതിക്രമിച്ചുകയറി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു.
കഴിഞ്ഞ പതിനാലിനാണ് എംഎൽഎ കോവളത്ത് കൊണ്ടുപോയി തല്ലിയത്. മർദിക്കുന്നത് കണ്ട നാട്ടുകാരോടും വിവരമറിഞ്ഞെത്തിയ പൊലീസിനോടും ചികിത്സയ്ക്കെത്തിയ ജനറൽ ആശുപത്രിയിലും ഭാര്യയാണെന്നാണ് പറഞ്ഞത്. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പിന്നീട് വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ മർദിച്ച്, ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ തമിഴ്നാട്ടിലേക്ക് പോയി. കന്യാകുമാരിയിൽ കടലിൽ ചാടിമരിക്കാൻ തീരുമാനിച്ചെങ്കിലും പൊലീസ് പിടിച്ച് നാഗർകോവിലിലേക്ക് ബസ് കയറ്റിവിട്ടു. പിന്നീട് മധുരയിലെത്തി. വഞ്ചിയൂരിലെ വനിതാ എസ്ഐ വിളിച്ചത് അനുസരിച്ചാണ് തിരിച്ചെത്തിയത്.
കാണാതായെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചിയൂർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ യുവതി പറഞ്ഞു. ഉപദ്രവം തുടർന്നാൽ നിർണായക തെളിവുകൾ പുറത്തുവിടും. ലൈംഗിക പീഡനമടക്കമുള്ള കാര്യങ്ങൾ മൊഴിയിലുണ്ടോ എന്ന ചോദ്യത്തിന് രഹസ്യമൊഴിയിലെ കാര്യങ്ങൾ പുറത്തു പറയുന്നില്ലെന്നും കേസ് എടുത്തശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു മറുപടി. വിവാഹവാഗ്ദാനം നൽകിയ ശേഷമായിരുന്നോ എംഎൽഎ പീഡിപ്പിച്ചതെന്ന ചോദ്യം നിഷേധിച്ചില്ല. അതിനിടെ എംഎൽഎ നാലാംദിവസവും ഒളിവിലാണ്.
ഓഫീസും വീടും പൂട്ടി , എൽദോസ് കുന്നപ്പിള്ളി
നാലാംദിവസവും ഒളിവിൽ
അധ്യാപികയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെക്കുറിച്ച് നാലാംദിവസവും വിവരമില്ല. പെരുമ്പാവൂർ പുല്ലുവഴിയിലെ വീടും എഎം റോഡിൽ പട്ടാലിലെ ഓഫീസും ബുധനാഴ്ചയും തുറന്നില്ല. പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. മൊബൈൽഫോൺ സ്വിച്ച് ഓഫാണ്. എംഎൽഎയുടെ പിഎ ഡാനിപോളും ഓഫീസ് സ്റ്റാഫ് നിഖിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തു. കേസിൽ പിഎ സാക്ഷിയാണെന്ന് അധ്യാപികയുടെ പരാതിയിലുണ്ട്. അതിനിടെ, അധ്യാപികയ്ക്കെതിരെ എംഎൽഎയുടെ ഭാര്യ മറിയാമ്മ എബ്രഹാം കുറുപ്പംപടി പൊലീസിൽ പരാതി നൽകി. ഭർത്താവിന്റെ ഫോൺ കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തുകയാണെന്നുമാണ് പരാതി. എംഎൽഎ മുങ്ങിയതോടെ വിവിധ ആവശ്യങ്ങൾക്ക് തേടിയെത്തുന്ന ജനങ്ങളോട് മറുപടി പറയാനാകാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. പാർടി ഉചിതനടപടി എടുക്കുമെന്നും ചർച്ച വേണ്ടെന്നുമാണ് ബുധനാഴ്ച എറണാകുളം ഡിസിസി ജനറൽബോഡി തുടങ്ങുംമുമ്പ് നേതൃത്വം അണികളോട് പറഞ്ഞത്.
പ്രതിപക്ഷ നേതാവിനെ വിശ്വാസമില്ല
സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കൾ അപകീർത്തിപ്പെടുത്തുന്നതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതി. പരാതി നൽകിയതിനു പിന്നാലെ പെരുമ്പാവൂരിലെ വനിതാ കോൺഗ്രസ് നേതാവ് വിളിച്ചു. പരാതി പിൻവലിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നും ജയിലിൽ അടയ്ക്കുമെന്നുമായിരുന്നു ഭീഷണി. മുൻ പഞ്ചായത്ത് അംഗംകൂടിയായ ഇവർ എംഎൽഎയുടെ അടുത്തയാളാണ്. കോൺഗ്രസ് നേതാക്കളുടെയടുത്ത് പരാതിയുമായി പോകില്ല. അവർ എംഎൽഎയ്ക്ക് ഒപ്പമേ നിൽക്കൂ. സ്ത്രീകളെ മോശക്കാരാക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലും വിശ്വാസമില്ല. അദ്ദേഹത്തിന്റെകൂടി അറിവോടെയാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും അവർ പറഞ്ഞു.
കമീഷനില്ല, പൊലീസ്
അന്വേഷിക്കട്ടെ: കോൺഗ്രസ്
പീഡന പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആക്ഷേപം അന്വേഷിക്കാൻ പാർടി കമീഷനെ നിയോഗിച്ചിട്ടില്ല. സത്യസന്ധമായ അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകട്ടെ. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും സുധാകരൻ പറഞ്ഞു. പ്രത്യേക കമീഷനെവച്ച് അന്വേഷണം നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. കുന്നപ്പിള്ളിയുടെ ഭാഗംകൂടി കേട്ടശേഷം തീരുമാനമെടുക്കും. സംഭവം പുറത്തുവന്നശേഷം എൽദോസുമായി സംസാരിക്കാൻ സാധിച്ചിട്ടില്ല.