കൊച്ചി
അവർ എവിടെയും പോയതല്ല, ഇതു കൊലപാതകമാണ്… കടവന്ത്രയിൽനിന്ന് പത്മയെ കാണാതായ കേസ് രജിസ്റ്റർ ചെയ്തത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡിസിപി എസ് ശശിധരന് ഇങ്ങനെ തോന്നി. ഉടൻ അന്വേഷണത്തിന് നിർദേശം നൽകി.
സംശയം ഇരട്ടിച്ചപ്പോൾ അരിച്ചുപെറുക്കിയുള്ള അന്വേഷണമായി. പൊലീസ് ഏറെ അധ്വാനിച്ചാണ് ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയത്. കടവന്ത്ര എസ്എച്ച്ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പത്മയുടെ സഹോദരി തമിഴ്നാട് സ്വദേശിനി പളനി അമ്മ സെപ്തംബർ 27ന് രാത്രി 8.30ന് കടവന്ത്ര സബ് ഇൻസ്പെക്ടർ മിഥുൻ മോഹനാണ് പരാതി നൽകിയത്. 26ന് രാവിലെ 10.15ന് എറണാകുളം ചിറ്റൂർ റോഡിലുള്ള കൃഷ്ണ ആശുപത്രിയുടെ സമീപത്തുനിന്ന് വെള്ള സ്കോർപ്പിയോയിൽ പത്മയെ കയറ്റിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഈ കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് മുഹമ്മദ് ഷാഫിയിലേക്കും മറ്റ് പ്രതികളിലേക്കും എത്തിച്ചത്.
സെൻട്രൽ എസിപി സി ജയകുമാർ, കടവന്ത്ര എസ്ഐ സി അനിൽകുമാർ, എഎസ്ഐ കെ സി ആനന്ദ്, എളമക്കര എസ്ഐ ഐൻ ബാബു, മരട് എസ്ഐ സി എം ജോസി, എസ്സിപിഒമാരായ കെ പി അനിൽകുമാർ, കെ സുമേഷ് കുമാർ, ടി ആർ രതീഷ്, എ ടി രാഗേഷ്, എൻ വി ദിലീപ് കുമാർ, ഷോളിൻ ദാസ്, പി ജി ഉണ്ണിക്കൃഷ്ണൻ, അനീഷ്, രാഹുൽ, വിനീത്, സിവിൽ പൊലീസ് ഓഫീസർമാരായ അനിൽകുമാർ, അഖിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.