ന്യൂഡൽഹി > മുസഫര്നഗര് കലാപക്കേസില് ബിജെപി എംഎല്എ വിക്രം സെയ്നി അടക്കം 11 പേര്ക്ക് രണ്ട് വര്ഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ ഖതൗലിയില് നിന്നുള്ള എംഎല്എയാണ് സെയ്നി. എന്നാല് വിധിക്ക് പിന്നാലെ വിക്രം സെയ്നിക്കും സംഘത്തിനും കോടതി ജാമ്യം അനുവദിച്ചു.
കലാപത്തിനൊപ്പം മറ്റ് കുറ്റങ്ങള് കൂടി ചുമത്തിയാണ് പ്രത്യേക എംപി/എംഎല്എ കോടതി ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകള് ഇല്ലാത്തതിന്റെ അടിസ്ഥാനത്തില് 15 പേരെ ജഡ്ജി ഗോപാല് ഉപാധ്യായ് വെറുതെ വിട്ടു. കലാപക്കേസില് ബിജെപി എംഎല്എ അടക്കം 26 പേരാണ് വിചാരണ നേരിട്ടത്. മുസഫര്നഗറില് 2013 ഓഗസ്റ്റിലുണ്ടായ കലാപത്തില് 62 പേരാണ് കൊല്ലപ്പെട്ടത്. ജാട്ട് സമുദായത്തില്പ്പെട്ട രണ്ട് യുവാക്കളുടെ സംസ്കാര ചടങ്ങുകള്ക്ക് ശേഷം കവാല് ഗ്രാമത്തില് എംഎല്എയുടെ നേതൃത്വത്തില് കലാപം അരങ്ങേറുകയായിരുന്നു. 40,000 പേര് പ്രദേശം വിടാന് നിര്ബന്ധിതരാവുകയും ചെയ്തു.