കൊച്ചി > അധ്യാപികയെ പീഡിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതി പുറത്തുവന്നതോടെ ഒളിവിൽപോയ പെരുമ്പാവൂർഎംഎൽഎയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പിള്ളിയെക്കുറിച്ച് നാലാം ദിവസവും ഒരു വിവരവും ലഭിച്ചില്ല. പെരുമ്പാവൂർപുല്ലുവഴിയിലെ വീടും ഓഫീസും നാലാംദിവസമായ ബുധനാഴ്ചയും തുറന്നില്ല. നാലു ദിവസമായി എംഎൽഎ പൊതു പരിപാടികളിലോ സ്വകാര്യ ചടങ്ങുകളിലോ പങ്കെടുക്കുന്നില്ലെന്നു മാത്രമല്ല; ഫോണിലും കിട്ടുന്നില്ല.
ഫോൺസ്വിച്ച് ഓഫ് എന്നാണ് കിട്ടുന്ന മറുപടി. എംഎൽഎയുടെ പി എ നിഖിലും ഫോൺസ്വിച്ച് ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ്. എംഎൽഎയുടെ വീടിനടുത്തുള്ളവർക്കും വീട്ടുകാർഎവിടെപൊയെന്നു വിവരമില്ല. അതിനിടെ, പരാതിക്കാരിയായ അധ്യാപികക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളോടെ എംഎൽഎയെ അനുകൂലിക്കുന്നവരുടെ വാട്സാപ് ഗ്രൂപ്പിൽ പ്രചാരണം തുടങ്ങി. പരാതിക്കാരിക്കെതിരെ 18 കേസുകളുണ്ടെന്നുപറഞ്ഞാണ് പ്രചാരണം. ഏതാനും കേസുകളുടെ നമ്പറും അതിൽ കാണിച്ചിട്ടുണ്ട്.