ന്യൂഡൽഹി
സ്പിന്നർമാരുടെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി. മൂന്നാം ഏകദിനത്തിൽ ഏഴുവിക്കറ്റിനാണ് ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 99 റണ്ണിന് പുറത്താക്കിയ ഇന്ത്യ 19.1 ഓവറിൽ ജയംനേടി.
സ്കോർ: ദക്ഷിണാഫ്രിക്ക 99 (27.1), ഇന്ത്യ 3–105 (19.1)
നാല് വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിലാകെ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ പേസർ മുഹമ്മദ് സിറാജാണ് മാൻ ഓഫ് ദി സീരീസ്. ആദ്യ രണ്ട് മത്സരങ്ങളിൽ തകർത്തടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഡൽഹിയിലെ സ്പിൻ പിച്ചിൽ അടിതെറ്റി. മൂന്നാംമത്സരത്തിൽ മൂന്നാം ക്യാപ്റ്റനുമായാണ് അവർ എത്തിയത്. കേശവ് മഹാരാജിന് പകരം ഡേവിഡ് മില്ലർ നായകനായി. ടോസ് കിട്ടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയച്ചു.
ബാറ്റിങ് ദുഷ്കരമായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക്. തുടക്കത്തിൽത്തന്നെ സ്പിന്നർ വാഷിങ്ടൺ സുന്ദർ ക്വിന്റൺ ഡി കോക്കിന്റെ (6) താളം തെറ്റിച്ചു. ജാന്നെമൻ മലാനെയും (15) റീസ ഹെൻഡ്രിക്സിനെയും (3) സിറാജ് മടക്കി. ശേഷിച്ച കാര്യങ്ങൾ കുൽദീപും ഷഹബാസ് നദീമും സുന്ദറും ചേർന്ന് തീരുമാനമാക്കി.
മുപ്പത്തിനാല് റണ്ണെടുത്ത ഹെൻറിച്ച് ക്ലാസെനാണ് ടോപ് സ്കോറർ. മൂന്നുപേർമാത്രം രണ്ടക്കം കണ്ടു. ഷഹബാസും സുന്ദറും രണ്ടുവീതം വിക്കറ്റ് നേടി. കുൽദീപ് 4.1 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 18 റൺ വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. മറുപടിക്കെത്തിയ ഇന്ത്യക്ക് ക്യാപ്റ്റൻ ധവാനെ (8) റണ്ണൗട്ടിലൂടെ പെട്ടെന്ന് നഷ്ടമായി. എന്നാൽ, ഒരുവശത്ത് ശുഭ്മാൻ ഗിൽ (57 പന്തിൽ 49) തകർപ്പൻ കളി പുറത്തെടുത്തു. എട്ട് ഫോറുമായി മുന്നേറിയ ഗിൽ അരസെഞ്ചുറിക്ക് ഒരു റൺ അകലെവച്ച് ലുൻഗി എൻഗിഡിയുടെ പന്തിൽ പുറത്തായി. ഇഷാൻ കിഷൻ 10 റണ്ണെടുത്ത് മടങ്ങിയപ്പോൾ ശ്രേയസ് അയ്യരും (28) സഞ്ജു സാംസണും (2) ചേർന്ന് ജയം പൂർത്തിയാക്കി. സഞ്ജു പരമ്പരയിലെ ഒരു കളിയിലും പുറത്തായില്ല. മൂന്ന് കളിയിൽ ആകെ 118 റണ്ണാണ് നേടിയത്. 86 ആണ് മികച്ച സ്കോർ. ഈവർഷം 12, 54, 6*, 43*, 15, 86*, 30*, 2* എന്നിങ്ങനെയാണ് ഏകദിന സ്കോർ.