മുംബൈ
റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) പുതിയ പ്രസിഡന്റാകും. 1983ൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീം അംഗമാണ്. സൗരവ് ഗാംഗുലി വീണ്ടും മത്സരിക്കാത്ത സാഹചര്യത്തിലാണ് ബിന്നി നാമനിർദേശപത്രിക നൽകിയത്. ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായേക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനായ ജയ്ഷാ സെക്രട്ടറിയായി തുടരും. രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ആശിഷ് ഷെലർ (ട്രഷറർ), ദേവജിത്ത് സൈക്യ (ജോയിന്റ് സെക്രട്ടറി) എന്നിവർ പത്രിക നൽകി. 18ന് ബിസിസിഐ വാർഷിക യോഗത്തിലാണ് തെരഞ്ഞെടുപ്പ്. എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അരുൺ ധുമാൻ ഐപിഎൽ ചെയർമാനായേക്കും.
കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് അറുപത്തേഴുകാരനായ ബിന്നി. 1979–-1987 കാലത്ത് ദേശീയ ടീമിൽ അംഗമായിരുന്നു.
27 ടെസ്റ്റിൽ 47 വിക്കറ്റെടുത്തു. 72 ഏകദിനത്തിൽ 77 വിക്കറ്റ്. 1983 ലോകകപ്പിൽ എട്ട് കളിയിൽ 18 വിക്കറ്റെടുത്ത് കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.