ഭുവനേശ്വർ
ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിലെ അരങ്ങേറ്റം ഇന്ത്യക്ക് കയ്പേറിയതായി. ആദ്യകളിയിൽ അമേരിക്കയോട് എട്ട് ഗോളിനാണ് തോറ്റത്. ആദ്യപകുതിയിൽ അഞ്ച് ഗോൾ വഴങ്ങിയ തോമസ് ഡെന്നെർബിയുടെ സംഘം രണ്ടാംപകുതിയിൽ അൽപ്പം പിടിച്ചുനിൽക്കാൻ ശ്രമിച്ചു.
ഇരട്ടഗോളുമായി മെലീന റെമിംബാസാണ് അമേരിക്കയുടെ ആക്രമണം നയിച്ചത്. ചാർലറ്റ് കോഹ്ലെർ, പലോമ ഗമെറോ, ജിസെലെ തോംപ്സൺ, എല്ല എംറി, ടെയ്ലർ സുവാരസ്, മിയ ബൂട്ട എന്നിവരും ലക്ഷ്യംകണ്ടു.
അസ്തം ഒറായോൺ നയിക്കുന്ന ഇന്ത്യൻ ടീമിന് അമേരിക്കയുടെ അനുഭവസമ്പത്തിനും കരുത്തിനുംമുന്നിൽ പിടിച്ചുനിൽക്കാനായില്ല. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽത്തന്നെ അമേരിക്ക ലീഡ് നേടി. ക്യാപ്റ്റൻ റിലെ ജാക്സനാണ് മിന്നിയത്. ജാക്സന്റെ ക്രോസിൽ റെമിംബാസ് ലക്ഷ്യംകണ്ടു. കാൽമണിക്കൂർ തികയുമ്പോഴേക്കും റിലെ വീണ്ടും ഇന്ത്യൻ ഗോൾമുഖം ആക്രമിച്ചു. ഇക്കുറി ഗോൾ നേടിയത് കോഹ്ലെർ. ഇന്ത്യക്ക് തിരിച്ചുവരാനായില്ല. ഇതിനിടെ നേഹയുടെ ഷോട്ട് അമേരിക്കൻ പ്രതിരോധത്തിൽത്തട്ടി പുറത്തുപോയി.
പലപ്പോഴും ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രണം കിട്ടിയില്ല. എതിരാളികളുടെ കാലുകളിലേക്ക് എളുപ്പത്തിൽ പന്ത് വിട്ടുനൽകി. മൂന്നാംഗോൾ വഴങ്ങിയത് ഇങ്ങനെയായിരുന്നു. ആദ്യപകുതി അവസാനിക്കുമ്പോഴേക്കും അമേരിക്കയുടെ പന്തിൻമേലുള്ള നിയന്ത്രണം 80 ശതമാനമായിരുന്നു.
രണ്ടാംപകുതിയിലും കളിയിൽ മാറ്റമുണ്ടായില്ല. അവസാനഘട്ടങ്ങളിൽ ഗോൾ കീപ്പർ അഞ്ജലിയുടെ മിടുക്കാണ് കൂടുതൽ ഗോൾ വഴങ്ങാതെ കാത്തത്.
14ന് മൊറോക്കോയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.ആദ്യദിനത്തിലെ മറ്റ് മത്സരങ്ങളിൽ ബ്രസീൽ 1–-0ന് മൊറോക്കോയെയും ചിലി 3–-1ന് ന്യൂസിലൻഡിനെയും തോൽപ്പിച്ചു. ജർമനി 2–-1ന് നൈജീരിയയെ കീഴടക്കി.