കീവ്
ഉക്രയ്ന്റെ വൈദ്യുതനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കിയുള്ള ആക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ ദിവസം ഉക്രയ്ന്റെ 84 ഇടത്തേക്ക് റഷ്യ മിസൈൽ ആക്രമണം നടത്തിയതിൽ 20 പേർ കൊല്ലപ്പെട്ടു. ലിവ്യൂവിലെ വൈദ്യുതനിലയം തകർത്തു. കീവിൽ പലയിടത്തും പവർകട്ട് ഏർപ്പെടുത്തി. സപൊറീഷ്യ നിലയത്തിനു ചുറ്റുമുള്ള മൂന്നു ജില്ലയിൽ റഷ്യൻ ആക്രമണം ശക്തമാക്കി. വിനിട്സിയയിയെ ആണവനിലയവും ആക്രമിക്കപ്പെട്ടു. മിസൈൽ ആക്രമണത്തിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് ക്രിവ്വി റിഹിൽ 854 തൊഴിലാളികൾ ഖനിയിൽ കുടുങ്ങി. ചൊവ്വ പുലർച്ചെയോടെ ഇവരെ പുറത്തെത്തിച്ചു.
അതിനിടെ, സപൊറീഷ്യ ആണവനിലയത്തിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെയും റഷ്യ കടത്തിക്കൊണ്ടുപോയതായി ഉക്രയ്ൻ ആരോപിച്ചു. നാറ്റോ സൈന്യത്തിന് 40 കോംബാറ്റ് എൻജിനിയർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ക്യാനഡ പ്രഖ്യാപിച്ചു. റഷ്യൻ മിസൈൽ ആക്രമണം യുദ്ധക്കുറ്റത്തിനു സമാനമാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് ചൂണ്ടിക്കാട്ടി.