ബീജിങ്
ചൈനീസ് കമ്യൂണിസ്റ്റ് പാർടി നൂറാണ്ട് പിന്നിട്ടശേഷമുള്ള ആദ്യ പാർടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന. തലസ്ഥാനമായ ബീജിങ്ങിലെ ‘ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളാ’ണ് 16 മുതൽ 22 വരെ നടക്കുന്ന ഇരുപതാം കോൺഗ്രസിന് വേദിയാവുക. പുതിയ കാലത്തിനായി പാർടിയെയും രാജ്യത്തെയും സജ്ജമാക്കുകയും ചൈനയെ ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുകയുമാണ് പാർടി കോൺഗ്രസിന്റെ പ്രധാന അജൻഡ. അഞ്ചുവർഷത്തേക്കുള്ള കർമപരിപാടികളും തീരുമാനിക്കും.
പാർടി കോൺഗ്രസിനു മുന്നോടിയായുള്ള പ്ലീനറി സെഷന് ഞായറാഴ്ച തുടക്കമായി. 2296 പ്രതിനിധികളാണ് പാർടി കോൺഗ്രസിൽ പങ്കെടുക്കുക. പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും അച്ചടക്ക സമിതിയെയും തെരഞ്ഞെടുക്കും.
കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ബീജിങ്ങിൽ പാർടി കോൺഗ്രസിനായുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി. ‘ഷിക്കൊപ്പം അണിനിരക്കുക’ എന്ന ബാനറുകളും കൊടിതോരണങ്ങളും നഗരത്തെയെമ്പാടും അലങ്കരിക്കുന്നു.