തിരുവനന്തപുരം
ദേശാഭിമാനി–- അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 31ന് സ്കൂളുകളിൽ തുടങ്ങും. നവംബർ 13ന് ഉപജില്ലകളിലും 27ന് ജില്ലകളിലും ഡിസംബർ 10നും 11നും സംസ്ഥാനതലത്തിലും മത്സരങ്ങൾ നടക്കും. പേരിലും ഉള്ളടക്കത്തിലും പുതുമകളോടെയാണ് പന്ത്രണ്ടാമത് എഡിഷൻ അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ. ‘സ്റ്റെയിപ്പ്– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–-22’ എന്നാണ് പുതിയ പേര്. ഇത്തവണ വിജ്ഞാനോത്സവത്തോടൊപ്പം സാഹിത്യോത്സവവുമുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജില്ല,- സംസ്ഥാന തലങ്ങളിൽ കഥ, കവിത രചനാമത്സരമുണ്ടാകും.
ക്വിസ് മത്സരത്തിന് വായനയ്ക്ക് ചില പുസ്തകങ്ങൾ നിർദേശിക്കും. ഉയർന്ന തലങ്ങളിൽ അന്വേഷണപഠനങ്ങളും തൽസമയ സംവാദങ്ങളുമുണ്ടാകും. എച്ച്എസ്, എച്ച്എസ്എസ് വിദ്യാർഥികളെ ഒരുവിഭാഗമായി കണക്കാക്കിയാണ് രചനാമത്സരം . പങ്കെടുക്കുന്നവർ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം നവംബർ അഞ്ചിനകം രചനകൾ അയക്കണം. വിഷയ നിബന്ധനയില്ല. ഒരാൾ ഒരു ഇനത്തിൽ മാത്രമേ പങ്കെടുക്കാവൂ. കവറിനു മുകളിൽ ഇനം, ജില്ല എന്നിവ പ്രത്യേകം എഴുതണം. ദേശാഭിമാനിയുടെ കണ്ണൂർ (കണ്ണൂർ, കാസർകോട്), കോഴിക്കോട് (കോഴിക്കോട്, വയനാട്), മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം (കോട്ടയം, ഇടുക്കി, പത്തനംതിട്ട), കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എഡിഷനുകളിലേക്കാണ് അയക്കേണ്ടത്.
സാങ്കേതിക മേഖലയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഭാവിയുടെ എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ്–- ടെക് സ്ഥാപനമായ ‘സ്റ്റെയ്പ്’ ആണ് ടൈറ്റിൽ സ്പോൺസർ. കോഴിക്കോടുനിന്ന് അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവനമേഖലയിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും യുഎഇയിലും സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവരാണ് സഹസ്പോൺസർമാർ.