തിരുവനന്തപുരം
മസാല ബോണ്ടിൽ സമാഹരിച്ച 2150 കോടി രൂപ കിഫ്ബി ചെലവിട്ടത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന്. ഗവ. സ്കൂൾ, ആശുപത്രി, കുടിവെള്ള പദ്ധതി, വൈദ്യുത ലൈൻ, ഐടി പാർക്ക് തുടങ്ങിയവയ്ക്കാണ് ഈ പണം ചെലവഴിച്ചത്. കൃഷി, വന്യജീവി ആക്രമണം തടയൽ, മത്സ്യബന്ധനം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തൊഴിൽ, ഊർജം, റോഡ്, പാലം, പട്ടികജാതി ക്ഷേമം, ഗതാഗതം, ടൂറിസം, സാംസ്കാരികം, രജിസ്ട്രേഷൻ ഓഫീസുകൾ നവീകരണം തുടങ്ങിയ മേഖലകളിലെ വികസനപദ്ധതികളും ഏറ്റെടുത്തു.
സമാഹരിക്കുന്ന തുകയുടെ വിശദ കണക്ക് നിശ്ചിതഫോറത്തിൽ, ആർബിഐ അനുമതിക്കുള്ള ഉപാധിപ്രകാരം എല്ലാമാസവും കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഏത് ബാങ്ക് അക്കൗണ്ടിൽനിന്ന്, എത്ര രൂപ, ആർക്ക് ഏത് അക്കൗണ്ടിലേക്ക് കൈമാറി പന്നതും ഇതോടൊപ്പമുണ്ട്. തുക പൂർണമായും ചെലവഴിച്ചതിന്റെ വിവരങ്ങൾ കഴിഞ്ഞവർഷം മെയ് 31നും നൽകിയതിലും എത്ര പദ്ധതികൾവീതം ഏറ്റെടുത്തുവെന്നത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും അടിസ്ഥാനരഹിതമായി ദുരൂഹത ആരോപിക്കുകയാണ് ഇഡി.
വിദേശത്തുനിന്നുള്ള വാണിജ്യാവശ്യ വായ്പ (ഇസിബി) വിഭാഗത്തിൽപ്പെടുത്തിയാണ് മസാല ബോണ്ട് അനുവദിച്ചത്. വിദേശനാണ്യ പരിപാലന നിയമപ്രകാരം ഇതിന്റെ നിയന്ത്രണാധികാരി റിസർവ് ബാങ്കാണ്. ഇസിബി അടക്കം മൂലധന കണക്കിൽപ്പെടുന്ന ഇടപാടുകൾക്കായി ചട്ടങ്ങൾ രൂപപ്പെടുത്താനുള്ള അവകാശം ആർബിഐക്കാണ്. ഇതെല്ലാം പാലിച്ചാണ് കിഫ്ബി മസാല ബോണ്ടിലുടെ പണം സമാഹരിച്ചത്. ഹൈക്കോടതിയിൽ കിഫ്ബിയും മുൻധനമന്ത്രി ടി എം തോമസ് ഐസക്കും നൽകിയ ഹർജികളിൽ ഇഡി നൽകിയ എതിർ സത്യവാങ്മൂലങ്ങളിലെങ്ങും ഇത് നിഷേധിച്ചിട്ടില്ല. ഫെമ വകുപ്പ് ചൂണ്ടിക്കാട്ടിത്തന്നെ ഇതിനെ അംഗീകരിക്കുന്നുമുണ്ട്. ലംഘനമുണ്ടായാൽ അന്വേഷിക്കാമെന്ന വാദമാണ് ഇഡിയുടേത്. മസാല ബോണ്ട് സംബന്ധിച്ച് പരാതിയുണ്ടായെന്നാണ് സമൻസ് അയച്ചതിനുള്ള ഇഡി വിശദീകരണം.
ജാള്യം മറയ്ക്കാനാകാതെ
മാധ്യമങ്ങൾ
സർക്കാരിനെ കുരുക്കാൻ അവതരിപ്പിച്ച മസാല ബോണ്ട് ‘ബോംബ്’ കേസിൽ ഇഡിക്കൊപ്പം വ്യാജ പ്രചാരണങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ കഥകൾ മെനഞ്ഞ മാധ്യമങ്ങൾ കടുത്ത നിരാശയിൽ. മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കുമെതിരായ ഇഡിയുടെ അനാവശ്യ സമൻസ് തടഞ്ഞ ഹൈക്കോടതി വിധി അവർക്കുംകൂടിയുള്ള പ്രഹരമായി. രാജ്യത്താകെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇഡി നടത്തുന്ന അധികാര ദുർവിനിയോഗങ്ങളുടെ തുടർച്ചയായാണ് മസാല ബോണ്ട് വിഷയത്തിലെ ഇടപെടലും.
ഇഡിയുടെ ഈ നിലപാടിനെതിരായ ഏറ്റവും വലിയ തിരിച്ചടി ഹൈക്കോടതിയിൽനിന്ന് കിട്ടിയതിനെ ലഘൂകരിക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. കോടതി വിധി വാർത്ത ചിലർ ഉൾപേജിലും പിന്നാമ്പുറ പേജിലും ശ്രദ്ധിക്കപ്പെടാത്തതരത്തിലാണ് നൽകിയത്. ഇഡി ചോർത്തിയ സമൻസിലെ വിവരംവച്ച് കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്, ഐസക്കിനെ പൂട്ടാൻ ഇഡി എന്നിങ്ങനെ ബ്രേക്കിങ് ന്യൂസും പ്രധാന വാർത്തകളും ചമച്ചത് വെറുതെയായല്ലോ എന്ന നിരാശയും ഇതിൽ പ്രകടം. ഇഡി സമൻസിലെ ഹൈക്കോടതി ഇടപെടൽ വാർത്ത അവതരിപ്പിച്ച രീതിയിയിൽ ഈ ജാള്യം കാണാം. അന്വേഷണ സാധ്യതപോലുമില്ലാത്ത ഇഡി കേസിലെ സമൻസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കിഫ്ബിയുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ തങ്ങളുടെ നിയമവും നിർദേശങ്ങളും ലംഘിക്കപ്പെട്ടതായി ആർബിഐക്ക് പരാതിയില്ല. എന്നിട്ടും ഇഡി കേസെടുത്തു. ഇത് മനസ്സിലാക്കാതെ ഇഡിയുടെ മണ്ടത്തരം മഹത്തരമായി അവതരിപ്പിക്കുകയായിരുന്നു പല മാധ്യമങ്ങളും.
കിഫ്ബിക്കെതിരെ കേസെടുക്കുന്നതിൽ സംശയം പ്രകടിപ്പിച്ച് കോടതി
മസാലബോണ്ടുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിഫ്ബിക്കെതിരെ കേസെടുക്കുന്നതിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. നിയമസഭ തള്ളിയ സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽമാത്രം കേസെടുക്കാൻ കഴിയില്ലെന്ന കിഫ്ബിയുടെ വാദത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇഡിയുടെ നടപടിക്കെതിരെ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികളിൽ ജസ്റ്റിസ് വി ജി അരുൺ തിങ്കളാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഈ നിരീക്ഷണം.
കിഫ്ബിക്കും മുൻ ധനമന്ത്രി ടി എം തോമസ് ഐസക്കിനുമെതിരെ നിരന്തരം സമൻസ് അയക്കുന്ന ഇഡി, ചോദ്യങ്ങളോട് പ്രതികരിക്കാത്തതിൽ കോടതി അസ്വസ്ഥത പ്രകടിപ്പിച്ചു. കിഫ്ബിക്കുമുമ്പ് മസാലബോണ്ട് ഇറക്കിയ ദേശീയപാത അതോറിറ്റി, നാഷണൽ തെർമൽ പവർ കോർപറേഷൻ, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി എന്നിവയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടോയെന്ന് സെപ്തംബർ രണ്ടിന് കേസ് പരിഗണിക്കുന്നതിനിടെ ഇഡി ഉദ്യോഗസ്ഥരോട് കോടതി ആരാഞ്ഞിരുന്നു. എന്നാൽ, 23ന് കിഫ്ബിക്കെതിരെ ഇഡി നൽകിയ എതിർസത്യവാങ്മൂലത്തിൽ ഇത്തരമൊരു അന്വേഷണത്തെക്കുറിച്ച് ഒരക്ഷരംപോലും പറഞ്ഞില്ല. മാത്രമല്ല, കോടതിയുടെ നിർദേശം അവഗണിക്കുകയുംചെയ്തു. ഇതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.